ഇനി ഫൈനലിൽ കാണാം! സൺറൈസേഴ്‌സിനെ എറിഞ്ഞൊതുക്കി, കൊൽക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് ജയം

13.4 ഓവറില്‍ തന്നെ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു
IPL 2024
കൊൽക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് ജയം പിടിഐ

അഹമ്മദാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം തോൽപ്പിച്ച് ഐപിഎൽ കിരീട പോരാട്ടത്തിലേക്ക് ഒരടികൂടി വെച്ച് കൊൽ‌ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അങ്ങനെ പതിനേഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊൽക്കത്ത കരത്ത് തെളിയിച്ചു. എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്‌ നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി. എന്നാൽ 13.4 ഓവറില്‍ തന്നെ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു (164/2).

സ്റ്റേഡിയത്തിൽ ആളിക്കത്താൻ ബാറ്റ് വീശി തുടങ്ങിയ സൺറൈസേഴ്‌സിനെ പക്ഷെ കൊൽക്കത്തയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ രണ്ടോവറിൽ തന്നെ വലിഞ്ഞു മുറുക്കി. ആദ്യ ഓവറില്‍ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി പവര്‍പ്ലേയില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.

അർധസെഞ്ചറികളുമായി പടനയിച്ച വെങ്കടേഷ് അയ്യർ – ശ്രേയസ് അയ്യർ സഖ്യമാണ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത അർധസെഞ്ചറി കൂട്ടുകെട്ടും വിജയം അനായാസമാക്കി. വെറും 44 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 97 റൺസാണ്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയുടെ പ്രഹരമുണ്ടായി. റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് 20 റണ്‍സാണ് കമിന്‍സിന്റെ ഓവറില്‍ നേടിയത്. മൂന്നോവറില്‍ ടീം 44 റണ്‍സെടുത്തു. നാലാം ഓവറില്‍ ഗുര്‍ബാസ് (12 പന്തില്‍ 23) മടങ്ങിയെങ്കിലും കൊല്‍ക്കത്തയെ ബാധിച്ചില്ല. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്.

കമിന്‍സ് എറിഞ്ഞ ഓവറില്‍ സുനില്‍ നരെയ്‌നും (16 പന്തില്‍ 21) പുറത്തായി. ടീം സ്‌കോര്‍ 67-ല്‍ നില്‍ക്കേയായിരുന്നു ഇത്. തുടര്‍ന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍, വെങ്കടേഷ് 28 പന്തില്‍ 51 റണ്‍സ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്‌സില്‍ നാലുവീതം സിക്‌സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.

പവര്‍പ്ലേയ്ക്ക് ശേഷം ഒരോവറില്‍ പോലും 11-ല്‍ കുറഞ്ഞ റണ്‍സ് വന്നില്ല. 14-ാം ഓവര്‍ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6,4,6,6 എന്ന രീതിയില്‍ അടിച്ചകറ്റി. ഇതോടെ കൊല്‍ക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യര്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

39 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹൈദരാബാദിന് പിന്നീടൊരു ബാറ്റിങ് 'സ്‌ഫോടനം' സാധ്യമായില്ല. പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് നേടിയത് 45 റണ്‍സ്. ഒരുവശത്ത് രാഹുല്‍ ത്രിപാഠി ക്ലാസ് ഇന്നിങ്‌സുമായി നിറഞ്ഞുനിന്നത് മാത്രമാണ് ഏക ആശ്വാസം. ഒരു സിക്‌സും ഏഴ് ഫോറുമാണ് ത്രിപാഠിയുടെ ബാറ്റില്‍ പിറന്നത്. ഐ.പി.എലിലെ ത്രിപാഠിയുടെ 12-ാമത്തെ അര്‍ധ സെഞ്ചുറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14-ാം ഓവറില്‍ സുനില്‍ നരെയ്‌ന്റെ വരവ് കളി കൊല്‍ക്കത്തയ്ക്ക് കൂടുതല്‍ അനുകൂലമാക്കി. ഓവറിലെ രണ്ടാം പന്തില്‍ ത്രിപാഠി റണ്ണൗട്ടായി. പന്ത് നേരിട്ട അബ്ദുല്‍ സമദ് സിംഗിളിനായി ഓടിയെങ്കിലും പന്ത് കൈവശം കിട്ടിയ റസല്‍ ഉടന്‍തന്നെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിന് എറിഞ്ഞുനല്‍കി. ഗുര്‍ബാസ് ഒരു പിഴവും വരുത്താതെ സ്റ്റമ്പ് ചെയ്തു. മൂന്നാം പന്തില്‍ സന്‍വിര്‍ സിങ് (0) ബൗള്‍ഡുമായി. തൊട്ടടുത്ത ഹര്‍ഷിത് റാണയുടെ ഓവറില്‍ സമദും (16) ചക്രവര്‍ത്തിയുടെ ഓവറില്‍ ഭുവനേശ്വര്‍ കുമാറും (0) പുറത്തായതോടെ ഹൈദരാബാദ് 126-ല്‍ ഒന്‍പത് എന്ന നിലയില്‍ തകര്‍ന്നു. പത്താം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും വിയാസ്‌കന്തും ചേര്‍ന്നാണ് പിന്നീട് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 21 പന്തില്‍ 33 റണ്‍സ് നേടി. റസലിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ കമിന്‍സ് (24 പന്തില്‍ 30) പുറത്താവുകയായിരുന്നു.

IPL 2024
യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

ഇതിനിടെ അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും ത്രിപാഠിയും ചേര്‍ന്ന് 36 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇതോടെയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ടീം ഒരുവിധം കരകയറിയത്. 11-ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 21 പന്തില്‍ 32 റണ്‍സാണ് ക്ലാസന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com