പുതു വഴി തേടി ബയേണ്‍ മ്യൂണിക്ക്; ആ 'ഹോട്ട്' സീറ്റില്‍ ഇനി വിന്‍സന്റ് കോംപനി!

ബേണ്‍ലിയുടെ പരിശീലക സീറ്റില്‍ നിന്ന് 38കാരന്‍ ബയേണിനായി തന്ത്രം മെനയാന്‍ വരുന്നു
Bayern Munich coach
വിന്‍സെന്‍റ് കോംപനിട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി ബേണ്‍ലി കോച്ചും മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനുമായ വിന്‍സന്റ് കോംപനി എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ക്ലബും കോംപനിയും തമ്മില്‍ കരാര്‍ സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തിയതായി ഫുട്‌ബോള്‍ ലേഖകന്‍ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷ കരാറിലാണ് കോംപനി തോമസ് ടുക്കലിന്റെ പകരക്കാരനായി പരിശീലക സ്ഥാനം എല്‍ക്കുന്നത്. നിരവധി പേരെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ബയേണ്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചുള്ള ബയേണിന്റെ ഈ നീക്കം.

38 കാരനായ കോംപനി ബെല്‍ജിയം താരമാണ്. തന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധ താരമെന്ന നിലയിലും നായക മികവിനാലും ഏറെ ശ്രദ്ധേയനാണ് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍. ബേണ്‍ലിയുമായി കോംപനിക്ക് 2028 വരെ കരാറുണ്ട്. ഏതാണ്ട് 101 കോടി രൂപയ്ക്കടുത്ത് നഷ്ടപരിഹാരം ബേണ്‍ലിക്ക് നല്‍കിയാണ് ബാവേറിയന്‍സ് കോംപനിയെ എത്തിക്കുന്നത്.

Bayern Munich coach
ഇന്നാണ് 'ബ്ലോക്ക്ബസ്റ്റര്‍ ഫിനാലെ'- ആരടിക്കും ഐപിഎല്‍ കിരീടം?

ബയര്‍ ലെവര്‍കൂസനെ ജര്‍മനിയില്‍ അപരാജിതരായി ഇരട്ട കിരീട നേട്ടത്തിലേക്ക് നയിച്ച് ചരിത്രമെഴുതിയ ഷാബി അലോണ്‍സോ, ജര്‍മന്‍ ഫുട്‌ബോളിനു പുതിയ മാനങ്ങളും വഴികളും തുറന്ന റാല്‍ഫ് റാഗ്നിക്ക്, ബയേണ്‍ ടുക്കലിനു മുന്‍പ് പുറത്താക്കിയ ജൂലിയന്‍ നാഗല്‍സ്മാന്‍ എന്നിവരുമായി പരിശീലക സ്ഥാനം വാഗ്ദാനം ചെയ്ത് ബാവേറിയന്‍ ക്ലബ് ചര്‍ച്ച നടത്തിയെങ്കിലും മൂവരും അതു നിരസിച്ചു. എറിക് ടെന്‍ ഹാഗ്, റോബര്‍ട്ടോ ഡി സെര്‍ബി, സിനദിന്‍ സിദാന്‍, ഹാന്‍സി ഫ്‌ളിക്ക് തുങ്ങിയ പേരുകളും അന്തരീക്ഷത്തില്‍ നിന്നിരുന്നു. പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിച്ച ടുക്കലിനെ നിലനിര്‍ത്താനും ക്ലബ് ആലോചന നടത്തിയെങ്കിലും അദ്ദേഹവും കൈമലര്‍ത്തിയതോടെയാണ് ബയേണ്‍ ചൂതാട്ട സമാന തീരുമാനത്തിലേക്ക് എത്തിയത്.

2020ല്‍ താരമെന്ന നിലയിലെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിച്ച ദിവസം തന്നെ കോംപനി ബെല്‍ജിയം ക്ലബ് ആന്റര്‍ലറ്റിന്റെ കളിക്കാരന്‍- പരിശീലകന്‍ റോള്‍ എറ്റെടുത്തു. തൊട്ടടുത്ത വര്‍ഷം കോംപനി ക്ലബിന്റെ മുഴുവന്‍ സമയ പരിശീലകനായും മാറി. രണ്ട് വര്‍ഷത്തിനു ശേഷം 2022ലാണ് കോംപനി ബേണ്‍ലിയിലെത്തുന്നത്.

പിന്നീട് ബേണ്‍ലിയെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ നിന്നു സ്ഥാനമേറ്റ ആദ്യ സീസണില്‍ തന്നെ കോംപനി പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിച്ചു. ഡിഫന്‍സീവ് ഫുട്‌ബോള്‍ കളിച്ചിരുന്ന ബേണ്‍ലിയെ മികച്ച ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന സംഘമായി വളര്‍ത്തിയ കോംപനി ചാമ്പ്യന്‍ഷിപ്പില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ആ സീസണില്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പരിശീലകനായി കോംപനി തിരഞ്ഞെടുക്കപ്പെട്ടു.

Bayern Munich coach
എഫ്എ കപ്പില്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്മാര്‍

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെത്തിയ ബേണ്‍ലിക്ക് പക്ഷേ ആ പുതു ഫുട്‌ബോള്‍ നടപ്പാക്കുന്നതില്‍ പരാജയം സംഭവിച്ചു. അവര്‍ വീണ്ടും ചാമ്പ്യന്‍ഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു. അഞ്ച് ജയങ്ങളും 24 പോയിന്റും മാത്രമാണ് അവര്‍ക്കുള്ളത്.

പിന്നാലെയാണ് ബയേണിന്റെ വിളിയെത്തുന്നത്. ബയേണിന്റെ ആവശ്യത്തോട് വളരെ വേഗം തന്നെ കോംപനി യെസ് പറഞ്ഞതോടെയാണ് ജര്‍മന്‍ കരുത്തരുടെ ഹോട്ട് സീറ്റിലേക്ക് പുതു തന്ത്രവുമായുള്ള കോംപനിയുടെ വരവ്.

ജര്‍മന്‍ ഭാഷ സംസാരിക്കാനുള്ള അറിവും രണ്ട് വര്‍ഷം ബുണ്ടസ് ലീഗയില്‍ ഹാംബര്‍ഗിനായി കളിച്ച മുന്‍ പരിചയവും കോംപനിക്കുണ്ട്. ടീമിനെ പ്രതാപത്തിലേക്ക്, ആക്രമണ ഫുട്‌ബോളിന്റെ മായിക ലോകത്തേക്ക് തിരിച്ചെത്തിക്കാനുള്ള ബയേണിന്റെ ശ്രമങ്ങള്‍ക്ക് കോംപനിയുടെ വരവ് കാരണമാകുമോ എന്നു കണ്ടറിയണം.

ഈ സീസണില്‍ മൂന്നാം സ്ഥാനത്താണ് ബയേണ്‍ ബുണ്ടസ് ലീഗയില്‍ പോരാട്ടം അവസാനിപ്പിച്ചത്. ജര്‍മന്‍ കപ്പില്‍ തുടക്കം തന്നെ ബാവേറിയന്‍സ് പുറത്തായി. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനോടു പരാജയപ്പെട്ടതോടെ സമീപ കാല ചരിത്രത്തില്‍ ആദ്യമായി ബയേണിനു ഒരു കിരീടവുമില്ലാത്ത സീസണാണിത്. 11 തുടര്‍ ബുണ്ടസ് ലീഗ വിജയങ്ങള്‍ക്ക് ലെവര്‍കൂസന്‍ ഇക്കുറി വിരാമമിട്ടു. അപരാജിതരായാണ് അവര്‍ ചരിത്രമെഴുതിയത്. പിന്നാലെ ജര്‍മന്‍ കപ്പും ലെവര്‍കൂസന്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com