ന്യൂഡല്‍ഹി: മുതിര്‍ന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി 40കാരനായ താരം പ്രഖ്യാപിച്ചു. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സീസണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നും താരം അറിയിച്ചു.
2010ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഈ ബംഗാള്‍ താരം ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 9 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2010 ഫെബ്രുവരി 6ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച സാഹ വളരെക്കാലം ഇന്ത്യയുടെ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. 40 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1,353 റണ്‍സ് ആണ് താരം നേടിയത്. 29.41 ആണ് ബാറ്റിങ് ശരാശരി. ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സ് ആണ്. ഏകദിനത്തില്‍ 9 മത്സരങ്ങളില്‍ നിന്നായി 41 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഐപിഎല്ലില്‍ 170 മത്സരങ്ങളില്‍ നിന്നായി 2,934 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്.
'ക്രിക്കറ്റിലെ അവിസ്മരണീയമായ യാത്രയ്ക്ക് ശേഷം ഈ സീസണോടെ ഞാന്‍ എന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നു. വിരമിക്കുന്നതിന് മുമ്പ് രഞ്ജി ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമുക്ക് ഈ സീസണ്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാം!'- വൃദ്ധിമാന്‍ സാഹ എക്‌സില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക