ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ലെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം പുതിയയാളെ കൊണ്ടുവരണമെന്ന ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന്റെ അഭിപ്രായത്തിന് മറുപടിയുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ബോര്‍ഡര്‍- ഗാവസ്‌കര്‍ പരമ്പര നവംബര്‍ 22ന് തുടങ്ങാനിരിക്കേ, ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തില്‍ രോഹിത് കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. രോഹിതിന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ എത്താന്‍ കഴിയുന്നില്ലെങ്കില്‍ മുഴുവന്‍ പരമ്പരയ്ക്കും ടീം പുതിയ ക്യാപ്റ്റനെ നിയമിക്കണമെന്നാണ് ഗാവസ്‌കര്‍ പറഞ്ഞത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ഒരു മുഴുവന്‍ പരമ്പരയിലും ഇന്ത്യയെ ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒന്നിപ്പിക്കണമെന്നും ഗാവസ്‌കര്‍ നിര്‍ദ്ദേശിച്ചു.
'രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കില്ല, ഒരുപക്ഷേ രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല എന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍, ഞാന്‍ പറയുന്നു, ഇപ്പോള്‍ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ഇങ്ങനെ പറയണം, നിങ്ങള്‍ക്ക് വിശ്രമം വേണമെങ്കില്‍ വിശ്രമിക്കൂ, വ്യക്തിപരമായ കാരണങ്ങളുണ്ടെങ്കില്‍ അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. എന്നാല്‍ പരമ്പരയുടെ മൂന്നില്‍ രണ്ടും നഷ്ടമായാല്‍ ഒരു കളിക്കാരനായി മാത്രമേ നിങ്ങള്‍ ഈ ടൂറിന് പോകാവൂ. ഞങ്ങള്‍ വൈസ് ക്യാപ്റ്റനെ ഈ പര്യടനത്തിന്റെ ക്യാപ്റ്റനാക്കും' - ഗാവസ്‌കര്‍ സ്പോര്‍ട്സ് ടാക്കിനോട് പറഞ്ഞു.
'ഇന്ത്യന്‍ ക്രിക്കറ്റാണ് ഏറ്റവും പ്രധാനം, ന്യൂസിലന്‍ഡ് പരമ്പര 3-0ന് നേടിയിരുന്നെങ്കില്‍, ഇതിനെ വെറ രീതിയിലാണ് കാണുക. ഈ പരമ്പര 3-0 ന് തോറ്റതിനാല്‍, ഒരു ക്യാപ്റ്റന്റെ ആവശ്യമുണ്ട്. ക്യാപ്റ്റന്‍ ടീമിനെ ഒന്നിപ്പിക്കണം, തുടക്കത്തില്‍ ക്യാപ്റ്റനില്ലെങ്കില്‍ മറ്റൊരാളെ നായകനാക്കുന്നതാണ് നല്ലത്,'- ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ സണ്ണിയോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. നിങ്ങളുടെ ഭാര്യക്ക് ഒരു കുഞ്ഞ് ഉള്ളതിനാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നില്‍ക്കണമെങ്കില്‍... അത് വളരെ മനോഹരമായ നിമിഷമാണ് ... ഇക്കാര്യത്തില്‍ നിങ്ങള്‍ആവശ്യമായ സമയം എടുക്കുക,'- ആരോണ്‍ ഫിഞ്ച് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക