ന്യൂഡല്‍ഹി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നാലു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണിങ് ജോടിയായി എത്തിയേക്കും. ഇതിന് മുന്‍പ് ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഇരുവരുമായിരുന്നു ഓപ്പണിങ് ജോടി. പരമ്പരയില്‍ ഇന്ത്യ മൂന്ന് കളികളും ജയിച്ച സമ്പൂര്‍ണ വിജയമാണ് നേടിയത്. ഈ വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കളത്തില്‍ ഇറങ്ങുന്ന ടീമില്‍ ഓപ്പണിങ് ജോടിയില്‍ മാറ്റം വരുത്തേണ്ടതില്ല എന്നാണ് ടീമിന്റെ വിലയിരുത്തല്‍.
സഞ്ജു 40 പന്തില്‍ സെഞ്ച്വറി നേടിയത് ബംഗ്ലാദേശിനെതിരെയാണ്. എന്നാല്‍ ബംഗ്ലാദേശ് പരമ്പരയില്‍ ഉടനീളം 35 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ച്വറി നേടിയതിന് ശേഷം കാര്യമായൊന്നും സംഭാവന നല്‍കാന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. അതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഈ ഇടംകൈയന്‍ ബാറ്റര്‍ക്ക് നിര്‍ണായകമാണ്.
സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മധ്യനിരയെ ശക്തിപ്പെടുത്തും. റിങ്കു സിങ്ങും അക്ഷര്‍ പട്ടേലും ഫിനിഷിംഗ് ചുമതലകള്‍ നിര്‍വഹിക്കും. അര്‍ഷ്ദീപ് സിങ് ആയിരിക്കും ബൗളിങ് നിരയെ നയിക്കുക. ആവേശ് ഖാന്‍ ആയിരിക്കും രണ്ടാമത്തെ പേസര്‍. രണ്ടാമത്തെ സ്പിന്നര്‍ സ്ഥാനത്തേയ്ക്ക് രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയും തമ്മിലായിരിക്കും മത്സരം. ശേഷിക്കുന്ന ഒരു ബൗളര്‍ സ്ഥാനത്തിനായി രമണ്‍ദീപ് സിങ്ങും വിജയ്കുമാര്‍ വൈശാഖും തമ്മില്‍ മത്സരത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക