ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തില്‍ സിക്‌സര്‍ മുഖത്തുപതിച്ച് പരുക്കേറ്റ ആരാധികയുടെ മുന്നില്‍ നേരിട്ടെത്തി ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍. പന്ത് മുഖത്തുപതിച്ച് പരുക്കേറ്റതിനേത്തുടര്‍ന്ന് ഐസ്പായ്ക്ക് മുഖത്തുവച്ച് കണ്ണീരോടെ നില്‍ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ, നേരിട്ടെത്തിയ സഞ്ജു സാംസണ്‍ ആരാധികയുമായി സംസാരിക്കുന്ന വിഡിയോ ആണ് പുറത്ത് വന്നത്. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു സിക്‌സടിച്ചപ്പോഴാണ് യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്‌സര്‍ അടിക്കുകയായിരുന്നു. ഡീപ് മിഡ്വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെയാണ് യുവ തിയുടെ മുഖത്ത് പതിച്ചത്.
വേദനയില്‍ യുവതി കരഞ്ഞു. തൊട്ടടുത്ത് നിന്ന് ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ്‌ക്യൂബ് മുഖത്ത് ചേര്‍ത്ത്പിടിച്ച് കണ്ണീരോടെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിച്ചു. പിന്നീട് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ആംഗ്യത്തിലൂടെ ചോദിച്ചിരുന്നു.
മത്സരം അവസാനിച്ചപ്പോള്‍ സഞ്ജു ആരാധികയെ കാണാനെത്തുകയായിരുന്നു. യുവതിയെ കാണാനെത്തിയ സഞ്ജുവിനെ, ആരാധകര്‍ പൊതിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുണ്ട്. ഇതിനിടയില്‍ യുവതി സഞ്ജുവുമായി സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. സഞ്ജുവിന്റെ പ്രവൃത്തിയെ പുകഴ്ത്തി ഒട്ടേറെ ആരാധകരാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതുപോലെ ഒരു മനുഷ്യനെ കാണാനാകുമോ എന്നാണ് ആരാധകരിലൊരാള്‍ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക