കൊളംബോ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ വിജയത്തോടെ ഈ വര്‍ഷം സ്വന്തം നാട്ടില്‍ ശ്രീലങ്ക നേടുന്ന അഞ്ചാമത്തെ പരമ്പര നേട്ടമാണിത്. 12 വര്‍ഷത്തിനുശേഷമാണ് ന്യൂസിലന്‍ഡിനെതിരായ ഒരു ഏകദിനപരമ്പര ശ്രീലങ്ക സ്വന്തമാക്കുന്നത്.
ഇന്ത്യ, വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ എന്നിവര്‍ക്കെതിരെയായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45.1 ഓവറില്‍ 209 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 46 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യത്തിലെത്തി. മൂന്നാമനായി ക്രീസിലെത്തി 74 റണ്‍സുമായി പുറത്താകാതെ നിന്ന കുഷാല്‍ മെന്‍ഡിസാണ് കിവീസിന്റെ വിജയം തടഞ്ഞത്. മഹീഷ് തീക്ഷണ പുറത്താകാതെ 27 റണ്‍സുമായി അവസരോചിത ഇന്നിംഗ്‌സ് കളിച്ചു. പതും നിസങ്ക 28 റണ്‍സും നേടി.
ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റിങ്ങിനിടെ പലതവണ മത്സരം മഴ തടസപ്പെടുത്തി. ഇതോടെ മത്സരം 47 ഓവറായി ചുരുങ്ങി. മാര്‍ക് ചാംപാന്റെ 76 റണ്‍സിന്റെയും മിച്ചല്‍ ഹെയുടെ 49 റണ്‍സിന്റെയും മികവിലാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ 200 കടന്നത്. ശ്രീലങ്കയ്ക്കായി ദുനിത് വെല്ലലാഗെ, ജെഫ്രെ വാന്‍ഡര്‍സെ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക ഇപ്പോള്‍ 2-0ത്തിന് മുന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക