38 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടം; ഓസീസ് മുന്‍നിരയെ തകര്‍ത്ത് ക്യാപ്റ്റന്‍ ബുംറ

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150നു പുറത്ത്
Border-Gavaskar Trophy, 1st Test
വിക്കറ്റ് നേടിയ ബുംറയെ സഹ താരങ്ങള്‍ അഭിനന്ദിക്കുന്നുഎക്സ്
Published on
Updated on

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 മുന്‍വിര വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താത്കാലിക നായകന്‍ ജസ്പ്രിത് ബുംറ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 47 ന് 5 എന്ന നിലയിലാണ്. 2 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും 8 റണ്‍സുമായി അലക്‌സ് കാരിയുമാണ് ക്രീസില്‍.

ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്തായി. മക്‌സ്വീനി 10 റണ്‍സും ഖവാജ 8 റണ്‍സുമെടുത്താണ് മടങ്ങിയത്. ഇരുവരേയും ബുംറയാണ് പുറത്താക്കിയത്. ഖവാജയ്ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് ഗോള്‍ഡന്‍ ഡക്കായി. സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി.

പിന്നീടെത്തിയ ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണയും മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജും മടക്കി. ഹെഡ് 11 റണ്‍സും മാര്‍ഷ് 6 റണ്‍സുമാണ് നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായി. ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. പേസര്‍ ഹെയ്സല്‍വുഡ് ആണ് കൂടുതല്‍ ആക്രമണകാരിയായത്. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്സല്‍വുഡ് ആണ്. നാല് വിക്കറ്റുകളാണ് പേസര്‍ പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഹെയ്സല്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. 49.4 ഓവറില്‍ ഇന്ത്യന്‍ ടീം കൂടാരം കയറി.

യശസ്വി ജയ്സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോഹ്‌ലി (12 പന്തില്‍ അഞ്ച്), കെഎല്‍ രാഹുല്‍ (74 പന്തില്‍ 26), ധ്രുവ് ജുറേല്‍ (20 പന്തില്‍ 11), വാഷിങ്ടന്‍ സുന്ദര്‍ (15 പന്തില്‍ നാല്), ഋഷഭ് പന്ത് (78 പന്തില്‍ 37), ഹര്‍ഷിത് റാണ (അഞ്ച് പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 59 പന്തില്‍ 41 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഋഷഭ് പന്തുമില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ എട്ട് റണ്‍സുമായിപുറത്തായി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മക്‌സ്വീനി ക്യാച്ചെടുത്താണ് ജയ്സ്വാളിനെ മടക്കിയത്. 23 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അല്ക്സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്സല്‍വുഡിന്റെ പന്തിലായിരുന്നു കോഹ്‌ലിയുടേയും പുറത്താകല്‍.

സ്‌കോര്‍ 47ല്‍ നില്‍ക്കെ ഡിആര്‍എസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളില്‍ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേര്‍ഡ് അംപയര്‍ 'കണ്ടെത്തുകയായിരുന്നു'. അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടില്‍വച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറേലിനെയും വാഷിങ്ടന്‍ സുന്ദറിനെയും മിച്ചല്‍ മാര്‍ഷും പുറത്താക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com