പെര്‍ത്ത്: യശസ്വി ജയ്‌സ്വാളിന് പുറമേ സൂപ്പര്‍ താരം വിരാട് കോഹ് ലിയും സെഞ്ച്വറി അടിച്ചതോടെ മൂന്നാം ദിനം ഗംഭീരമാക്കി ഇന്ത്യ. ടെസ്റ്റില്‍ കഴിഞ്ഞ കുറെ നാളുകളായി മുന്‍കാല പ്രകടനങ്ങളെ അപേക്ഷിച്ച് വേണ്ടത്ര ഫോമിലേക്ക് ഉയരാന്‍ കഴിയാത്തതില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് കോഹ് ലിയുടെ മിന്നുന്ന സെഞ്ച്വറി. 143 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ് ലിയുടെ മാസ്മരിക പ്രകടനം. കോഹ് ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
സെഞ്ച്വറി അടിച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ബുംറ തീരുമാനിച്ചത്. ഇതോടെ ഒന്നാം ഇന്നിംഗ്‌സിലെ 46 റണ്‍സിന്റെ ലീഡോടെ 534 റണ്‍സാണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വച്ചിരിക്കുന്ന വിജയലക്ഷ്യം.
വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതാണ് കണ്ടത്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.
ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ഹെയ്‌സല്‍വുഡാണ് പടിക്കലിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാട് കോഹ് ലിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്‌സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.
പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ ഋഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത ഋഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോഹ് ലിയ്ക്ക് വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ അതിവേഗം മുന്നേറുന്നതാണ് കണ്ടത്. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക