ചെന്നൈ: പത്തുവര്‍ഷത്തിനുശേഷം ആര്‍ അശ്വിന്റെ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള മടങ്ങിവരവ് ആരാധകരെ ശരിക്കും ആവേശത്തിലാക്കിയിരിക്കുകയാണ്. അഞ്ചുതവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അശ്വിനെ 9.75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2009ല്‍ ചെന്നൈ ടീമിലായിരുന്നു അശ്വിന്റെ അരങ്ങേറ്റം. 2010ലും 2011ലും ചെന്നൈ കപ്പ് ഉയര്‍ത്തുമ്പോള്‍ അശ്വിന്‍ ടീമിന്റെ ഭാഗമായിരുന്നു. സിഎസ്‌കെ വിട്ടതിനു ശേഷം പഞ്ചാബ് കിങ്സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ച ശേഷമാണ് അശ്വിന്‍റെ മടങ്ങിവരവ്.
തന്നെ ടീമിലേക്ക് തിരിച്ചുവിളിച്ചതിന് നന്ദി അറിയിച്ച് അശ്വിന്‍ പങ്കുവച്ച വീഡിയോ ചെന്നൈ സുപ്പര്‍കിങ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ' ജീവിതം വൃത്താകൃതിയിലാണെന്ന് അവര്‍ പറയുന്നു . 2008 മുതല്‍ 2015 വരെ ഞാന്‍ മഞ്ഞ ജഴ്സി അണിഞ്ഞ് സിഎസ്‌കെക്ക് വേണ്ടി കളിച്ചു, എന്നും അവരോട് കടപ്പെട്ടിരിക്കുന്നു. സിഎസ്‌കെയില്‍ നിന്ന് ഞാന്‍ പഠിച്ചതെല്ലാം എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് യാത്രയിലും ഇന്നും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഞാന്‍ അവസാനമായി ചെന്നൈക്കായി കളിച്ചത് 10 വര്‍ഷം മുന്‍പാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ലേലത്തില്‍ സിഎസ്‌കെ എന്നെ വീണ്ടും തെരഞ്ഞെടത്തു'- അശ്വിന്‍ വീഡിയോയില്‍ പറഞ്ഞു.
'2011 ലെ ഐപിഎല്‍ ലേലത്തില്‍ അവര്‍ എനിക്കുവേണ്ടി പോരാടിയ അതേ രീതിയില്‍ ഇന്നും തന്നെ ടീമിന്റെ ഭാഗമാക്കിയത്. എംഎസ് ധോനിക്കൊപ്പം വീണ്ടും കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, ഒപ്പം ഋതുരാജ് ഗെയ്ക് വാദിനൊപ്പവും. ചെന്നൈ ടീമിനോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു' അശ്വിന്‍ കുറിച്ചു.
അശ്വിനെ ലോകോത്തര താരമായി വളര്‍ത്തിയെടുത്ത ക്യാപ്റ്റനാണ് ധോനി. ആര്‍ അശ്വിന്റെ വരവോടെ ചെന്നൈ സൂപ്പര്‍ കിങ്സിനായി പുതിയ സീസണിലേക്കു സൂപ്പര്‍ ത്രയം തയ്യാറായിക്കഴിഞ്ഞെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എംഎസ് ധോനി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ ഈ സൂപ്പര്‍ ത്രയം വീണ്ടും ചെന്നൈ കൂപ്പര്‍ കിങ്സില്‍ ഒന്നിക്കുകയാണ്.
ടൂര്‍ണമെന്റില്‍ ഇതിനകം 212 മല്‍സരങ്ങളില്‍ അശ്വിന്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 7.12 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 180 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. 34 റണ്‍സിനു നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക