പട്‌ന: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരാനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബിഹാറിലെ സമസ്തിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് വൈഭവ് സൂര്യവംശിക്കായി ലേലംവിളിച്ചുതുടങ്ങിയത്. സെക്കന്റുകള്‍ക്കം അടിസ്ഥാന വിലയായ 30 ലക്ഷത്തില്‍ നിന്ന് ലേലം വിളി ഒരുകോടി പിന്നിട്ടു. ഒരുകോടി പത്തുലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ വൈഭവിനെ സ്വന്തമാക്കി.
സമീപകാല മത്സരങ്ങളിലെ മിന്നുന്ന പ്രകടനമാണ് പതിമൂന്നുകാരനെ കോടിപതിയാക്കിയത്. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി സെഞ്ചുറി നേടി വൈഭവ് ചരിത്രംകുറിച്ചിരുന്നു. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വൈഭവ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശ് താരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ 14 വര്‍ഷവും 241 ദിവസവും എന്ന മുന്‍ റെക്കോര്‍ഡ് പഴംകഥയായി.
ക്രിക്കറ്റും സൂര്യവംശിയും തമ്മിലുള്ള ബന്ധം കേവലം യാദൃച്ഛികതകള്‍ക്കപ്പുറമാണ്. 2011 മാര്‍ച്ച് 27നാണ് ബിഹാറിലെ താജ്പൂര്‍ ഗ്രാമത്തില്‍ സൂര്യവംശി ജനിക്കുന്നത്. അഞ്ച് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യ ആഘോഷിച്ച ആ സുവര്‍ണനിമിഷം വീണ്ടും സമാഗതമായത്. 2011 ഏപ്രില്‍ രണ്ടിന് എംഎസ് ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ 28 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്തി.
ക്രിക്കറ്റ് ഇതിഹാസം സച്ചിനെപ്പോലെ നാലാം വയസ്സില്‍ തന്നെ വൈഭവില്‍ ക്രിക്കറ്റിനോടുള്ള അഭിനിവേശം ആരംഭിച്ചു. മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് അവരുടെ വീട്ടുമുറ്റത്ത് തന്നെ അതിനായി ചെറിയ സംവിധാനം ഉണ്ടാക്കി. ഒന്‍പത് വയസ്സായപ്പോള്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. അവിടെ വച്ച് പരീശീലകരുടെ മാര്‍ഗനിര്‍ദേശങ്ങളും സ്വാഭാവികമായ കഴിവുംകൊണ്ട് സൂര്യവംശി കുഞ്ഞുപ്രായത്തില്‍ തന്നെ പേരെടുത്തു. 12ാം വയസ്സില്‍ വിനു മങ്കാദ് ട്രോഫിയില്‍ ബിഹാറിനായി അരങ്ങേറിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മുതിര്‍ന്ന ഒട്ടേറെ താരങ്ങള്‍ കളിച്ച പരമ്പരയില്‍ വെറും അഞ്ചുമത്സരങ്ങളില്‍ നിന്നും 400 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
അതിനുപിന്നാലെ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024 ജനുവരിയില്‍ ബിഹാറിനായി രഞ്ജി ട്രോഫിയിലും അരങ്ങേറി. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായും വൈഭവ് മാറി. അതേസമയം, വൈഭവിന് 15 വയസ്സെങ്കിലും ആയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങങ്ങളില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. വൈഭവിന്റെ വയസ്സ് പരിശോധനക്ക് തയ്യാറാണെന്നും എട്ടാം വയസ്സില്‍ എല്ലുകളുടെ പരിശോധനയിലൂടെ ബിസിസിഐ വയസ്സ് പരിശോധിച്ചതാണെന്നും വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക