കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. രാത്രി ഏഴരയ്ക്ക് സ്വന്തം തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. നിലവില്‍ ഒന്‍പത് കളിയില്‍ പതിനൊന്ന് പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഗോവയാകട്ടെ പന്ത്രണ്ട് പോയിന്റുമായി പട്ടികയില്‍ ആറാമതും.
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ചെന്നൈ എഫ്‌സിയെ കേരളത്തിന്റെ കൊമ്പന്‍മാര്‍ മുട്ടുകുത്തിച്ചിരുന്നു. ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഫോമില്‍ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്സിന് കരുത്ത് നല്‍കുന്ന ഘടകമാണ്. ഇതുവരെ കളിച്ച 9 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകള്‍ നേടിയ സ്‌ട്രൈക്കര്‍ ജീസസ് ജിമനെസിന്റെ സ്‌കോറിങ് മികവും നോഹ സദോയിയുടെ സ്ഥിരതയാര്‍ന്ന പ്രകടനവും മഞ്ഞപ്പടയുടെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തുന്നു.
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍ എവേ പോരാട്ടങ്ങളാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ ഹോം മത്സരം വിജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കുക എന്ന ലക്ഷ്യമാകും ബ്ലാസ്റ്റേഴ്സിന് മുന്‍പില്‍. മറുവശത്ത്, ഇന്ത്യന്‍ ടീം പരിശീലകനായ മനോലോ മാര്‍ക്വസാണ് ഗോവയെ പരിശീലിപ്പിക്കുന്നത്. ബംഗളൂരു എഫ്സിയെയും പഞ്ചാബ് എഫ്സിയെയും വീഴ്ത്തിയാണ് ഗോവ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക