ബുലവായോ: മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ 304 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം വച്ച് പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനായി കമ്രാന്‍ ഗുലാം കന്നി ഏകദിന സെഞ്ച്വറി നേടി. ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയും നേടി. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 303 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്‍ക്കുന്നു. ഈ മത്സരം പരമ്പര ജേതാക്കളെ നിര്‍ണയിക്കും.
99 പന്തുകള്‍ നേരിട്ട് 10 ഫോറും 4 സിക്‌സും സഹിതമാണ് 29കാരനായ കമ്രാന്‍ ഗുലാം ശതകം സ്വന്തമാക്കിയത്. അബ്ദുല്ല ഷഫീഖ് 68 പന്തില്‍ 50 റണ്‍സ് കണ്ടെത്തി.
ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (37), ഓപ്പണര്‍ സയം ആയൂബ് (31), സല്‍മാന്‍ ആഘ (30) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. 16 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന തയ്യബ് താഹിറിന്റെ ബാറ്റിങാണ് സ്‌കോര്‍ 300 കടത്തിയത്.
സിംബാബ്‌വെക്കായി സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. ബ്ലസിങ് മസരബാനി, ഫറാസ് അക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക