കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെറും രണ്ടര ദിവസം കൊണ്ടു തന്ത്രപരമായി അനുകൂലമാക്കി ജയം പിടിച്ചതിനെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ജയം മാത്രമായിരുന്നു ലക്ഷ്യം. അതിനാല്‍ തന്നെ 100 റണ്‍സില്‍ ഓള്‍ ഔട്ടായാലും രണ്ടാം ഇന്നിങ്‌സില്‍ കളി പിടിക്കാമെന്ന തന്ത്രമാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. വലിയ റിസ്‌കാണ് ടീം എടുത്തതെന്നും നായകന്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു തൂത്തുവാരി.
'രണ്ടര ദിവസം നഷ്ടപ്പെട്ടാണ് ടീം നാലാം ദിനം പോരിനെത്തിയത്. അവരെ എത്രയും പെട്ടെന്ന് പുറത്താക്കി അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു ടീമിന്റെ പദ്ധതി. അവരെ 233ല്‍ പുറത്താക്കാന്‍ സാധിച്ചു. അതിനു ശേഷം ഞങ്ങള്‍ ചിന്തിച്ചത് അടിച്ചെടുക്കാന്‍ പോകുന്ന റണ്‍സിനെ കുറിച്ചായിരുന്നില്ല. ഞങ്ങള്‍ക്ക് എത്ര ഓവര്‍ ലഭിക്കുമെന്നായിരുന്നു നോക്കിയത്.'
'ആ പിച്ചില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. വലിയ റിസ്‌കാണ് എടുത്തത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എതിരാളികള്‍ക്ക്, ടീമിനെ ഓള്‍ ഔട്ടാക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്നു. ഞങ്ങള്‍ 100, 120 റണ്‍സിനു ഓള്‍ ഔട്ടായാലും കുഴപ്പമില്ലെന്ന മനോഭാവത്തിലാണ് കളിച്ചത്'- രോഹിത് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യന്‍ ടീം ഇറങ്ങുന്ന ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ബംഗ്ലാദേശിനെതിരായ പോരാട്ടം. ഗംഭീറിന്റെ പരിശീലന രീതിയെക്കുറിച്ചും രോഹിത് മറുപടി നല്‍കി.
'ദ്രാവിഡിനൊപ്പം മികച്ച സമയമായിരുന്നു ടീമിന്. ഇപ്പോള്‍ ഗംഭീറാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പം കളിച്ച ആളാണ്. അദ്ദേഹത്തിന്റെ കളിയെക്കുറിച്ചുള്ള ചിന്താഗതിയും കാഴ്ചപ്പാടും എനിക്ക് വ്യക്തമായി അറിയാം'- രോഹിത് വ്യക്തമാക്കി.
ആര്‍ അശ്വിന്റെ ഓള്‍ റൗണ്ട് മികവിനേയും രോഹിത് പ്രശംസിച്ചു. പുതുമുഖ താരം ആകാശ് ദീപിന്റെ ബൗളിങിനെക്കുറിച്ചും രോഹിത് വാചാലനായി.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ആര്‍ അശ്വിനാണ് പരമ്പരയുടെ താരം. രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്ക് അതിവേഗ തുടക്കം നല്‍കിയ യശസ്വി ജയ്‌സ്വാളാണ് കളിയിലെ താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക