മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങള്‍. താരത്തെ ടീമില്‍ നിന്നു പുറത്താക്കണമെന്നു മുന്‍ താരങ്ങളടക്കം വിമര്‍ശനവുമായി രംഗത്തെത്തി.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്‍ഡ് എടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നു ബാബറിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നാം ടെസറ്റില്‍ 30, 5 എന്നീ സ്‌കോറുകളാണ് താരം കണ്ടെത്തിയത്. ബാറ്റര്‍മാരെ അകമഴിഞ്ഞു പിന്തുണച്ച പിച്ചില്‍ പോലും ബാബറിനെ പോലെ പ്രതിഭാധനനായ ഒരു താരം ഇത്തരത്തില്‍ ബാറ്റ് ചെയ്തതാണ് ആരാധകരേയും മുന്‍ താരങ്ങളേയും ചൊടിപ്പിച്ചത്.
പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. മുന്‍ അംപയര്‍ അലിം ദാര്‍, മുന്‍ താരങ്ങളായ അഖ്വിബ് ജാവേദ്, അസ്ഹര്‍ അലി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി. താരത്തെ ഒഴിവാക്കി മറ്റൊരാള്‍ക്ക് അവസരമൊരുക്കാനാണ് കമ്മിറ്റിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണവും ഈ സംശയത്തിനു ആക്കം കൂട്ടുന്നതാണ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ ബാബര്‍ തന്നെയാണെന്നു ഷാന്‍ പറയുന്നു. ഇംഗ്ലണ്ടിനെ പോലെ ഒരു എതിരാളിയുമായി കളിക്കുമ്പോള്‍ ടീമിലെ സ്റ്റാര്‍ ബാറ്ററെ ഒഴിവാക്കുമ്പോള്‍ പകരം എത്തിക്കുന്ന താരത്തിനു ആ രീതിയില്‍ മുന്നോട്ടു പോകാനുള്ള മനോഭാവം വേണം. ടീമിന്റെ മൊത്തം മനോഭാവവും മാറേണ്ടതുണ്ടെന്നു താരം വ്യക്തമാക്കി.
സമീപകാല തിരിച്ചടിയില്‍ നിന്നു പാകിസ്ഥാന്‍ കരകയറുമെന്നു തോന്നല്‍ ഉയര്‍ത്തിയാണ് അവര്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് ചെയ്തത്. 500നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും പക്ഷേ പാക് ടീം ദയനീയമായി പരാജയപ്പെട്ടു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ നാണംകെട്ട തോല്‍വിയാണ് അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക