റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ടീമിനെതിരെ ടെസ്റ്റ് പരമ്പര നേട്ടമെന്ന അനുപമ റെക്കോര്‍ഡിന്റെ വക്കില്‍ ബംഗ്ലാദേശ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടത് 185 റണ്‍സ്.
ഈ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പരമ്പര നേട്ടമെന്ന പെരുമയും അവരെ കാത്തു നില്‍ക്കുന്നത്. പോരാട്ടം സമനിലയില്‍ അവസാനിച്ചാലും ബംഗ്ലാദേശിനു പരമ്പര നേട്ടമുണ്ടാകും.
പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ് വെറും 172 റണ്‍സില്‍ അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് ചരിത്ര നേട്ടത്തിനരികില്‍ നില്‍ക്കുന്നത്. രണ്ടാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കുമ്പോള്‍ ബംഗ്ലാദേശ് വിജയത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. കളി നിര്‍ത്തുമ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ്. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കെ ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടത് 143 റണ്‍സ് കൂടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
23 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സുമായി ഓപ്പണര്‍ സകിര്‍ ഹസന്‍ അതിവേഗ തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 9 റണ്‍സുമായി ഷദ്മന്‍ ഇസ്ലമാണ് സകിറിനൊപ്പം ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 274 റണ്‍സില്‍ പുറത്തായി. എന്നാല്‍ ബംഗ്ലാദേശിന്റെ പോരാട്ടം 262 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാക് ടീമിനായി. 12 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പാകിസ്ഥാനു പക്ഷേ അടിപതറി.
5 വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ മഹ്മുജും നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ നഹിദ് റാണയുമാണ് പാക് കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്.
47 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്‍മാന്‍ ആഘ, 43 റണ്‍സെടുത്ത മുഹമ്മത് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 28 റണ്‍സെടുത്തു. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വീണ്ടും പരാജയമായി. താരം 11 റണ്‍സുമായി മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ