ലണ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് പരമ്പര ഉറപ്പിച്ച് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റില്‍ ഇംഗ്ലണ്ട് 2-0ത്തിനു മുന്നില്‍. രണ്ടാം ടെസ്റ്റില്‍ 190 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്.
483 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 427 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സുമാണ് കണ്ടെത്തിയത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 196 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് കൊണ്ടും രണ്ടാം ഇന്നിങ്‌സില്‍ പന്ത് കൊണ്ടു ഗസ് അറ്റ്കിന്‍സന്‍ മികവ് കാട്ടിയതാണ് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായത്. ഒന്നാം ഇന്നിങ്‌സില്‍ എട്ടാമനായി ക്രീസിലെത്തിയ അറ്റ്കിന്‍സന്‍ സെഞ്ച്വറി (118) നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയെ 292ല്‍ ഒതുക്കുന്നതില്‍ താരത്തിന്റെ ബൗളിങാണ് ഇംഗ്ലണ്ടിനെ തുണച്ചത്. അറ്റ്കിസന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി ജോ റൂട്ട് ചരിത്രമെഴുതി ജയത്തിന്റെ അമരത്ത് നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ജയത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്കായി ദിനേഷ് ചാന്‍ഡിമല്‍ (58), ദിമുത് കരുണരത്‌നെ (55), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ജയിക്കാന്‍ അതു പര്യാപ്തമായില്ല.
അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ്, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഷൊയ്ബ് ബഷീറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.
നേരത്തെ ഇംഗ്ലണ്ടിനായി ജോ റൂട്ട് രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സുമാണ് താരം എടുത്തത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി റൂട്ട് മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ