പാരിസ്: പാരാലിംപിക്സിൽ മെഡൽ നേട്ടമില്ലെങ്കിലും കായിക ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യൻ അമ്പെയ്ത്ത് താരമായ 17കാരി ശീതൾ ദേവി. വനിതാ കോംപൗണ്ട് ആർച്ചറിയിൽ കഴിഞ്ഞ ദിവസം മത്സരിച്ച ശീതളിനു ഈ ഇനത്തിൽ മെഡലൊന്നുമില്ല. എന്നാൽ താരം തൊടുത്ത ബുൾസ് ഐ ഷോട്ടിന്റെ വീഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കി.
ജന്മനാ ഇരു കൈകളുമില്ലാത്ത ശീതൾ കാലുകൊണ്ടാണ് അമ്പെയ്യുന്നത്. ഇതിലൊരു ഷോട്ട് കൃത്യം മധ്യത്തിൽ കൊള്ളുന്നതാണ് വീഡിയോ. ബാഴ്സലണ താരം ജുവൽസ് കുണ്ടെയടക്കമുള്ളവർ താരത്തിന്റെ മികവിനു കൈയടിച്ച് വീഡിയോ പങ്കിട്ടു. പ്രസിദ്ധ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനും ബ്രോഡ്കാസ്റ്ററുമായ പിയേഴ്സ് മോർഗൻ, ഇന്ത്യൻ മുൻ താരവും ഇതിഹാസ സ്പിന്നറുമായ ഹർഭജൻ സിങ് തുടങ്ങിയ പ്രമുഖരും വീഡിയോ പങ്കിട്ടു.
ഇതിൽ ശ്രദ്ധേയമായ കുറിപ്പ് മുൻ നോർവെ പരിസ്ഥിതി മന്ത്രി എറിക് സോൽഹെയ്മിന്റെ വാക്കുകളാണ്. ചലിക്കുന്ന കാവ്യാത്മകതയാണ് ശീതൾ ദേവി എന്നായിരുന്നു സോൽഹെയ്മിന്റെ അഭിനന്ദനം. ഇത്തരമൊരു താരത്തെ വളർത്തിയെടുത്ത ഇന്ത്യക്കും അദ്ദേഹം അഭിനന്ദനം പറയുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ലോക റെക്കോർഡോടെയാണ് താരം പാരാലിംപിക്സ് യോഗ്യത നേടിയത്. യോഗ്യതാ പോരിൽ 703 പോയിന്റുകൾ നേടി. എന്നാൽ മെഡൽ പോരാട്ടത്തിൽ താരം ചിലിയുടെ സുനിക മരിയാനയോടു പരാജയപ്പെട്ടു. 137-138 എന്ന സ്കോറിനാണ് തോൽവി.
കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കായി രണ്ട് സ്വർണവും ഒരു വെള്ളിയും നേടാൻ ശീതളിനു സാധിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ