പാരിസ്: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ സ്റ്റാര്‍ സുമിത് ആന്റില്‍ പാരാലിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തി. ടോക്യോയില്‍ താരം സ്ഥാപിച്ച റെക്കോര്‍ഡ് പാരിസില്‍ രണ്ട് വട്ടം തിരുത്തിയാണ് സുമിത് സുവര്‍ണ നേട്ടം ആവര്‍ത്തിച്ചത്.
ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തില്‍ 70.59 മീറ്റര്‍ ദൂരം താണ്ടിയാണ് സുമിത് നേട്ടത്തിലെത്തിയത്. 68.55 മീറ്റര്‍ താണ്ടിയാണ് നാല് വര്‍ഷം മുന്‍പ് സുമിത് ടോക്യോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഇത്തവണ ആദ്യ ശ്രമത്തില്‍ 69.11 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് ആദ്യം തിരുത്തി. പിന്നാലെയാണ് 70.59 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് വീണ്ടും പുതുക്കി സ്വര്‍ണത്തില്‍ മുത്തമിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
5ാം ദിനം 8 മെഡലുകള്‍
ഗെയിംസിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച രണ്ട് സ്വര്‍ണമടക്കം ഇന്ത്യക്ക് എട്ട് മെഡലുകള്‍ നേടാന്‍ സാധിച്ചതും അഭിമാനകരമായി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 15 ആയി. 3 സ്വര്‍ണം, 5 വെള്ളി, 7 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടില്‍ ഇതുവരെ എത്തിയത്.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍3യില്‍ നിതേഷ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഡിസ്‌കസ് ത്രോ എഫ്56ല്‍ യോഗേഷ് കതുനിയ വെള്ളി നേടി. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്‌യു5ല്‍ തുളസിമതി മുരുഗേശന്‍, പുരുഷ സിംഗിള്‍സ് എസ്എല്‍4ല്‍ സുഹാസ് യതിരാജ് എന്നിവരും വെള്ളി നേടി.
വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്‌യു5വില്‍ മനിഷ രാമദാസ് വെങ്കലം സ്വന്തമാക്കി. അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തില്‍ ശീതള്‍ ദേവി, രാകേഷ് കുമാര്‍ സഖ്യവും വെങ്കലം നേടി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്എച്6ല്‍ നിത്യ ശ്രീ ശിവനും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ