സോള്‍: ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ പോരാട്ടത്തില്‍ കരുത്തര്‍ക്ക് അടിതെറ്റി. ഓസ്‌ട്രേലിയയെ ബഹ്‌റൈന്‍ അട്ടിമറി തോല്‍വിയിലേക്ക് തള്ളിയിട്ടപ്പോള്‍ ദക്ഷിണ കൊറിയയെ പലസ്തീന്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ സമനിലയില്‍ കുരുക്കി. 2026 ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോഴാണ് അട്ടിമറികള്‍.
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബഹ്‌റൈന്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്. ഗോളടിച്ചത് ബഹ്‌റൈന്‍ താരമായിരുന്നില്ല. ഓസ്‌ട്രേലിയയുടെ ഹാരി സൗട്ടറിന്റെ സെല്‍ഫ് ഗോളാണ് ബഹ്‌റൈന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
കഴിഞ്ഞ ആറ് കളികളിലും ഓസ്‌ട്രേലിയക്കു മേല്‍ ബഹ്‌റൈന്‍ വിജയം സ്വന്തമാക്കിയിരുന്നില്ല. കളിയുടെ 77ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം കുസിനി യെങി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പിന്നീട് അവര്‍ക്ക് പത്ത് പേരുമായി കളി പൂര്‍ത്തിയാക്കേണ്ടി വന്നു. അതിനിടെ 89ാം മിനിറ്റിലാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച് സെല്‍ഫ് ഗോള്‍ വന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദക്ഷിണ കൊറിയ- പലസ്തീന്‍
മിന്നും ഫോമിലുള്ള ക്യാപ്റ്റനും ടോട്ടനം ഹോട്‌സ്പര്‍ താരവുമായ സന്‍ ഹ്യുങ് മിന്‍ മുന്നില്‍ നിന്നു നയിച്ചിട്ടും പലസ്തീന്‍ പ്രതിരോധം പൊളിക്കാന്‍ സാധിക്കാതെ ദക്ഷിണ കൊറിയ. കളിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയിട്ടും കൊറിയന്‍ മുന്നേറ്റത്തെ പലസ്തീന്‍ പ്രതിരോധം കത്രിക പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഏഴടിച്ച് ജപ്പാന്‍
മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് ചൈനയെ നാണംകെടുത്തി. മൊണാക്കോക്കായി കളിക്കുന്ന തകുമി മിനാമിനോ ഇരട്ട ഗോളുകള്‍ നേടി. വടാറു എന്‍ഡു, കൊരു മിറ്റോമ, യുന്യ ഇറ്റോ, ഡെയ്‌സന്‍ മെയ്ഡ, തകേഫുസ കുഫോ എന്നിവരാണ് ജപ്പാനായി വല ചലിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ