ലിസ്ബന്‍: രാജ്യത്തിനും ക്ലബിനുമായി 900 ഗോളുകള്‍! ചരിത്രത്തില്‍ ഇന്നുവരെ ഒരു താരത്തിനും അവകാശപ്പെടാനില്ലാത്ത ഈ അനുപമ റെക്കോര്‍ഡും പോര്‍ച്ചുഗല്‍ ഇതിഹാസവും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കുമ്പോള്‍ കാലവും നമിക്കുന്നു. പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, സ്‌പോര്‍ട്ടിങ്, അല്‍ നസര്‍ ടീമുകള്‍ക്കായി കളിച്ചാണ് താരം 900 ഗോളുകളില്‍ എത്തിയത്.
നേട്ടത്തെക്കുറിച്ചുള്ള താരത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ- 'റെക്കോര്‍ഡുകള്‍ ഞാന്‍ തകര്‍ക്കുകയല്ല, അവ എന്നെ വേട്ടയാടുകയാണ്'.
നേഷന്‍സ് ലീഗ് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1നു ക്രൊയേഷ്യയെ വീഴ്ത്തിയപ്പോള്‍ ടീമിന്റെ ജയമുറപ്പിച്ച ഗോള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ഈ ഗോളോടെയാണ് താരം 900 എന്ന മാന്ത്രിക സംഖ്യയിലെത്തിയത്.
'900 ഗോളുകള്‍ എന്നത് മറ്റേതൊരു നാഴികക്കല്ല് പോലെ തന്നെയാണ്. എന്നാല്‍ ഈ സംഖ്യയിലേക്ക് എത്താന്‍ എത്രമാത്രം പരിശ്രമം വേണമെന്നു എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഈ നേട്ടം അതുല്ല്യമാണ്. റെക്കോര്‍ഡുകള്‍ ഞാന്‍ തകര്‍ക്കുകയല്ല, അവ എന്നെ വേട്ടയാടുകയാണ്.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുസേബിയോയ്ക്കും ലൂയീസ് ഫിഗോയ്ക്കും സാധിക്കാത്ത കാര്യം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി നേടിയിട്ടുണ്ട്. രണ്ട് അന്താരാഷ്ട്ര കിരീടങ്ങള്‍. യൂറോ കപ്പും നേഷന്‍സ് ലീഗ് ട്രോഫിയും. ഇക്കാര്യവും താരം മത്സര ശേഷം നടന്ന അഭിമുഖത്തില്‍ സൂചിപ്പിച്ചു.
'പോര്‍ച്ചുഗല്‍ യൂറോ നേടുന്നത് എന്നെ സംബന്ധിച്ച് ഒരു ലോകകപ്പ് നേട്ടത്തിനു തുല്യമാണ്. രണ്ട് അന്താരാഷ്ട്ര കിരീടങ്ങള്‍ രാജ്യത്തിനു സമ്മാനിക്കണമെന്നായിരുന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നത്. അതു സാധ്യമായി. പക്ഷേ ഈ നേട്ടം വച്ചല്ല ഞാന്‍ പുതിയ തലമുറയെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഫുട്‌ബോള്‍ ആസ്വദിച്ചു കളിക്കുന്ന ആളാണ്. അങ്ങനെയാണ് പ്രചോദനം ആഗ്രഹിക്കുന്നത്. അതിനിടെ റെക്കോര്‍ഡുകള്‍ സ്വാഭാവികമായി വന്നു ചേരും.'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ