ജയ്പുര്‍: ഇന്ത്യയെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചതിനു പിന്നാലെ പുതിയ ദൗത്യം ഏറ്റെടുത്ത് ഇതിഹാസ ബാറ്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പരിശീലകനായി ദ്രാവിഡിനെ ടീം നിയമിച്ചു. ദ്രാവിഡിനൊപ്പം ഇന്ത്യന്‍ ടീമില്‍ ബാറ്റിങ് പരിശീലകനായി ഉണ്ടായിരുന്ന വിക്രം റാത്തോഡിനേയും ടീം ബാറ്റിങ് കോച്ചായി എത്തിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയാണ് ദ്രാവിഡ്. ദീര്‍ഘ നാളായി ടീമിന്റെ പരിശീലകനായിരുന്ന കുമാര്‍ സംഗക്കാര ടീം ഡയറക്ടറായി തുടരും. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ദ്രാവിഡ്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
2012 മുതല്‍ 2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു. പിന്നീട് ടീമിന്റെ മെന്ററായും ചുമതലയിലുണ്ടായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടീമിലേക്കുള്ള തിരിച്ചു വരവ് ഏറെ സന്തോഷം നല്‍കുന്നതാണെന്നു ദ്രാവിഡ് പ്രതികരിച്ചു. ലോകകപ്പിനു ശേഷം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ ഉചിതമായ സമയമാണ്. അതിനു യോജിച്ച ഇടം രാജസ്ഥാന്‍ ടീമാണെന്നും ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ അദ്ദേഹം വരുത്തിയ മാറ്റങ്ങളുടെ തെളിവാണ് ലോകകപ്പടക്കമുള്ള നേട്ടങ്ങളെന്നു ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് രാജസ്ഥാന്‍ വ്യക്തമാക്കി. ടീമിനെ സംബന്ധിച്ചു നല്ല വാര്‍ത്തയാണ് ദ്രാവിഡിന്റെ വരവെന്നു സംഗക്കാര പ്രതികരിച്ചു. പ്രതിഭാധനനായ അദ്ദേഹം പരിശീലകനെന്ന നിലയില്‍ കുറച്ചു കാലം കൊണ്ടു ഉജ്വല നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും ശ്ലാഘനീയമാണ്. ടീമിന് അദ്ദേഹത്തിന്റെ വരവ് ഉറപ്പായും ഏറെ പ്രചോദനം നല്‍കുന്നതാകുമെന്നും സംഗക്കാര.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക