അര്ജന്റീന ദേശീയ ടീമിന്റെ പടിയിറങ്ങി എയ്ഞ്ചല്‍ ഡി മരിയ. താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു 2 മാസം മുന്‍പ് വിരമിച്ചിരുന്നു. താരത്തിനു അര്‍ജന്റീന ടീം കഴിഞ്ഞ ദിവസം ദേശീയ ടീമില്‍ നിന്നു ഔദ്യോഗികമായി വിട നല്‍കി. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനു മുന്‍പായിരുന്നു ടീമിന്റെ യാത്രയയപ്പ്.
കഴിഞ്ഞ 16 വര്‍ഷമായി അര്‍ജന്റീന ടീമിലെ നിര്‍ണായക സാന്നിധ്യമാണ് എയ്ഞ്ചല്‍ ഡി മരിയ. 2008ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം. രാജ്യത്തിനായി 145 മത്സരങ്ങള്‍ കളിച്ചു. 32 ഗോളുകള്‍ നേടി. 32 അസിസ്റ്റുകളും സ്വന്തം പേരിലാക്കി.
90 മിനിറ്റില്‍ ടീം പ്രതിസന്ധിയെ നേരിട്ടപ്പോഴെല്ലാം നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച താരമാണ് മരിയ. ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന 2021ല്‍ കോപ്പ അമേരിക്ക കിരീടം നേടുമ്പോള്‍ അതില്‍ നിര്‍ണായക ഗോള്‍ നേടിയത് മരിയയാണ്. താരം 22ാം മിനിറ്റില്‍ നേടിയ ഗോളാണ് ബ്രസീലിനെതിരെ അര്‍ജന്റീനയ്ക്ക് 1-0ത്തിന്റെ ജയവും കിരീടവും സമ്മാനിച്ചത്.
2022ലെ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീന 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയപ്പോള്‍ അതിലും മരിയയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഫൈനലില്‍ താരം 36ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയിരുന്നു.
2024ല്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി. ഈ നേട്ടത്തോടെയാണ് താരം തന്റെ ഐതിഹാസിക കരിയറിനു വിരാമമിട്ടത്. 2008ലെ ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം, കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസിമ, കോപ്പ അമേരിക്ക... ലയണല്‍ മെസിയുടെ ഈ തുടര്‍ നേട്ടത്തില്‍ ഒപ്പം മരിയയുമുണ്ട്.
പരിക്കേറ്റ് വിശ്രമിക്കുന്ന മെസി ഹൃദയ സ്പര്‍ശിയായ സന്ദേശമാണ് തന്റെ പ്രിയ സുഹൃത്തിനു കൈമാറിയത്. അര്‍ജന്റീന ടീം നിങ്ങളെ വല്ലാതെ മിസ് ചെയ്യുമെന്നു മെസി വ്യക്തമാക്കി. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കുവെന്നും മെസി മരിയക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക