മ്യൂണിക്ക്: തലമുറ മാറ്റത്തിന് ജയത്തോടെ നാന്ദി കുറിച്ച് ജര്‍മനി. ഹംഗറിക്കെതിരായ യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ പോരാട്ടം തകര്‍പ്പന്‍ ജയത്തിലൂടെ ജര്‍മനി സ്വന്തമാക്കി. മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് അവര്‍ ഹംഗറിയെ തകര്‍ത്തെറിഞ്ഞത്. മാനുവല്‍ നൂയര്‍, തോമസ് മുള്ളര്‍, ടോണി ക്രൂസ്, ഇല്‍കെ ഗുണ്ടോഗന്‍ എന്നിവരെല്ലാം കളമൊഴിഞ്ഞ ശേഷം പൂര്‍ണമായും മുഖം മാറിയ ജര്‍മനിയായിരുന്നു സ്‌ക്വാഡില്‍. ഒന്നാം നമ്പര്‍ ഗോളിയായുള്ള ആന്ദ്ര ടെര്‍ സ്റ്റെഗന്‍റെ അരങ്ങേറ്റവും ക്ലീന്‍ ഷീറ്റില്‍.
യുവ താരങ്ങളായ ജമാല്‍ മുസിയാലയും ഫ്‌ളോറിയന്‍ വിയറ്റ്‌സും ചേര്‍ന്നുള്ള യുവ കോംപോ കളിയുടെ അഴകായി നിന്നു. ഇരുവരും ചേര്‍ന്നു ഹംഗേറിയന്‍ ഹാഫില്‍ തീര്‍ത്ത വിസ്മയം ഫുട്‌ബോള്‍ ലോകം ആനന്ദത്തോടെ കണ്ടു നിന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും ഇരുവരും കളം അടക്കി വാണു. വരാനിരിക്കുന്ന ഭാവി ജര്‍മന്‍ ടീമിന്റെ ശക്തിയും സ്രോതസും എന്തായിരിക്കുമെന്നു യുവ താരങ്ങളുടെ കളി മികവ് സാക്ഷ്യം പറഞ്ഞു.
ജര്‍മനിയുടെ നായകനായി അരങ്ങേറിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിചിനും ഈ കളിയുടെ ഫലത്തില്‍ നിര്‍ണായക പങ്കുണ്ട്. 92 ശതമാനം പാസുകളും വിജയത്തിലെത്തിക്കാന്‍ താരത്തിനു സാധിച്ചു. പ്രതിരോധത്തിലായിരുന്നുവെങ്കിലും കളം മുഴുവന്‍ അടക്കി വാണാണ് ജര്‍മന്‍ നായകന്‍ തന്‍റെ മൂല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. ഇതിഹാസ നായകന്‍ ഫിലിപ്പ് ലാമിന്‍റെ പിന്‍ഗാമിയെന്നു മ്യൂണിക്കിലെ ആ രാത്രിയില്‍ അയാളും അടയാളപ്പെടുത്തി.
മറ്റൊരാള്‍ പാസ്ക്കല്‍ ഗ്രോബാണ്. ടോണി ക്രൂസിന്‍റെ അഭാവം മധ്യനിരയില്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ളവനെന്നു താരവും കാണിച്ചു. 91 ശതമാനം പാസുകളും കൃത്യതയില്‍ എത്തിച്ചാണ് താരം കളിച്ചത്.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ ജര്‍മനി രണ്ടാം പകുതിയിലാണ് ശേഷിച്ച നാല് ഗോളുകളും വലയിലാക്കിയത്. ഫുള്‍ക്രുഗ്, മുസിയാല, വിയറ്റ്‌സ്, പാവ്‌ലോവിച്, കയ് ഹവേര്‍ട്‌സ് എന്നിവരാണ് വല ചലിപ്പിച്ചത്. മുസിയാലയ്ക്ക് വിയറ്റ്‌സും വിയറ്റ്‌സിനു മുസിയാലയുമാണ് ഗോളവസരങ്ങള്‍ ഒരുക്കി നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കളിയുടെ തുടക്കത്തില്‍ ജര്‍മനി പതിഞ്ഞാണ് തുടങ്ങിയതെങ്കിലും പിന്നീട് പതുക്കെ പതുക്കെ ടീം സെറ്റായി വന്നു. പിന്നീട് നിരന്തരമായുള്ള ആക്രമണങ്ങളായിരുന്നു. അതിനിടെയാണ് ആദ്യ ഗോളിന്റെ വരവ്.
27ാം മിനിറ്റില്‍ ഹംഗേറിയന്‍ ബോക്‌സിന്റെ പോസ്റ്റിനോടു ചേര്‍ന്നുള്ള ഇടതു മൂലയില്‍ നിന്നു മുസിയാല നല്‍കിയ ക്രോസിനെ അധികം അധ്വാനമില്ലാതെ ഫുള്‍ക്രുഗ് ഗോളിലേക്ക് വഴി മാറ്റുകയായിരുന്നു. അതിനിടെ ആദ്യ പകുതിയില്‍ ഹവേര്‍ട്‌സിന്റെ ഗോള്‍ ശ്രമം നിര്‍ഭാഗ്യത്തിനു പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.
രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ മുസിയാലയാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്. കൗണ്ടര്‍ അറ്റാക്കാണ് ഗോളിനു വഴി തുറന്നത്. ഹംഗേറിയന്‍ കോര്‍ണറിനു പിന്നാലെ വന്ന പന്ത് ജര്‍മന്‍ ബോക്‌സില്‍ നിന്നു മുന്നോട്ടോക്ക് കയറി ഓടിയ മുസിയാലയ്ക്ക് സുന്ദരമായി വിയറ്റ്‌സ് കൈമാറുന്നു. പന്തുമായി കുതിച്ച മുസിയാല ബോക്‌സില്‍ വച്ച് രണ്ട് ഹംഗേറിയന്‍ പ്രതിരോധക്കാരേയും ഗോള്‍ കീപ്പറേയും വെട്ടിച്ച് സമര്‍ഥമായി വലയിലേക്ക് കയറ്റി. 66ാം മിനിറ്റില്‍ ബോക്‌സിന്റെ വക്കില്‍ വച്ച് മുസിയാല കൈമാറിയ പന്തിനെ വിയറ്റ്‌സും നീളന്‍ ഷോട്ടിലൂടെ ഗോളാക്കി.
77ാം മിനിറ്റിലാണ് നാലാം ഗോള്‍. പകരക്കാരനായി എത്തിയ പാവ്‌ലോവിചിന്റെ വകയായിരുന്നു ഈ ഗോള്‍. പിന്നാലെ 81ാം മിനിറ്റില്‍ ഹവേര്‍ട്‌സിന്റെ പെനാല്‍റ്റി. ഗോളിലേക്കുള്ള പോക്കിനിടെ ഹംഗേറിയന്‍ താരം ഹവേര്‍ട്‌സിനെ ബോക്‌സില്‍ വീഴ്ത്തി. ഒട്ടും സംശയമില്ലാതെ റഫറിയുടെ കൈ പെനാല്‍റ്റി സ്‌പോട്ടിലേക്ക് നീണ്ടു.
കിക്കെടുത്ത താരം ഒട്ടും പതറാതെ പന്ത് വലയിലാക്കി. ആദ്യ പകുതിക്ക് സമാനമായി ഹവേര്‍ട്‌സിന്റെ മറ്റൊരു ഗോള്‍ ശ്രമവും പോസ്റ്റില്‍ തട്ടി മടങ്ങിയിരുന്നു. അതിനിടെ കിട്ടിയ സുവര്‍ണാവസരവും താരം പാഴാക്കിയിരുന്നു. പിന്നാലെയാണ് അഞ്ചാം ഗോള്‍ ഹവേര്‍ട്‌സ് പെനാല്‍റ്റിയിലൂടെ ടീമിനു സമ്മാനിച്ചത്.
അഞ്ചടിച്ച് ഓറഞ്ചും...
മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സും അഞ്ച് ഗോളുകളടിച്ച് വിജയിച്ചു. ബോസ്‌നിയ ഹെര്‍സഗോവിനയെ അവര്‍ 5-2നു വീഴ്ത്തി. ജോഷ്വ സിര്‍ക്‌സിയാണ് 13ാം മിനിറ്റില്‍ ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ടിജാനി റെജിന്‍ഡേഴ്‌സ്, 56ാം മിനിറ്റില്‍ കോഡി ഗാക്‌പോ, 88ല്‍ വൗട് വെഹോസ്റ്റ്, അവസാന ഘട്ടത്തിലെ ഇഞ്ച്വറി ടൈമില്‍ ഷാവി സിമോണ്‍സ് എന്നിവരാണ് ഓറഞ്ച് പടയുടെ ഗോളുകള്‍ നേടിയത്. എര്‍മദിന്‍ ഡെമിരോവിച്, എഡിന്‍ സെക്കോ എന്നിവരാണ് ബോസ്‌നിയയുടെ ആശ്വാസ ഗോളുകള്‍ വലയിലാക്കിയത്.
ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്, ലി കാഴ്‌സ്‌ലി...
ഗെരത് സൗത്ത്‌ഗേറ്റിന്റെ പകരക്കാരനായി താത്കാലികമായി പരിശീലക കസേരയില്‍ എത്തിയ ലി കാഴ്‌സ്‌ലിയുടെ ഇംഗ്ലണ്ടും ലീഗിലെ ആദ്യ പോര് ജയിച്ചു കയറി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ അയല്‍ക്കാരായ അയര്‍ലന്‍ഡിനെ വീഴ്ത്തി.
സൗത്ത് ഗേറ്റിന്റെ ഇതുവരെയുള്ള ഫോര്‍മേഷനു പകരം കാഴ്‌സ്‌ലി പരമ്പരാഗത ഫോര്‍മേഷനായ 4-3-3 ശൈലിയിലാണ് ടീമിനെ വിന്ന്യസിച്ചത്. ഡെക്ലന്‍ റൈസ് 11ാം മിനിറ്റിലും ജാക്ക് ഗ്രീലിഷ് 26ാം മിനിറ്റിലും ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടി.
കളിയിലുടനീളം 16 ഗോള്‍ ശ്രമങ്ങളാണ് അവര്‍ നടത്തിയത്. അതില്‍ 9 ഓണ്‍ ടാര്‍ഗറ്റും. പ്രതിരോധം കടുപ്പിച്ചാണ് അയര്‍ലന്‍ഡ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക