കൊച്ചി: മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരവുമായിരുന്ന മരിയോ ബെലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള ശ്രമം വേണ്ടെന്നു വച്ച് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. തുര്‍ക്കി ക്ലബായ അഡന ഡെമിര്‍സ്‌പോറിലായിരുന്നു താരം കളിച്ചത്. ഒരു സീസണ്‍ മാത്രം കളിച്ച് ബെലോട്ടെല്ലി ടീമിന്റെ പടിയിറങ്ങിയിരുന്നു. ഇതോടെ ബെലോട്ടെല്ലി നിലവില്‍ ഒരു ടീമിലും കളിക്കുന്നില്ല.
ഫ്രീ ഏജന്റായി നില്‍ക്കുന്ന 34കാരന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലേക്ക് വന്ന് ഒരു ഇന്ത്യന്‍ ക്ലബില്‍ കളിക്കാനാണ് താരം പരിഗണന നല്‍കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചില വിഷയങ്ങള്‍ കാരണം ശ്രമം ഉപേക്ഷിക്കാന്‍ ക്ലബ് നിര്‍ബന്ധിതമായി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സമീപ കാലത്ത് അത്ര ഫോമിലല്ല ബെലോട്ടെല്ലി. മാത്രമല്ല കളത്തിനകത്തും പുറത്തും താരത്തിന്റെ പെരുമാറ്റം, സ്വഭാവം സംബന്ധിച്ച് അത്ര നല്ല ട്രാക്ക് റെക്കോര്‍ഡുമില്ല. ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പിന്‍മാറ്റത്തിനു കാരണം. ഈ രണ്ട് കാരണങ്ങള്‍ക്കൊപ്പം താരത്തിനു നല്‍കേണ്ട പ്രതിഫലവും ശ്രമം ഉപേക്ഷിക്കുന്നതില്‍ നിര്‍ണായകമായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരമായി കളിക്കുമ്പോള്‍ നിരവധി പെരുമാറ്റ ദൂഷ്യ വിവാദങ്ങള്‍ ബെലോട്ടെല്ലിയുടെ പേരില്‍ ഉയര്‍ന്നു വന്നിരുന്നു. തുര്‍ക്കി ടീമിലെത്തിയപ്പോഴും താരത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരുന്നില്ല. ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് താരം പടക്കം പൊട്ടിച്ചതടക്കമുള്ള വിവാദങ്ങളാണ് സമീപ കാലത്ത് ഉയര്‍ന്നത്.
ഇതിനു പിന്നാലെ ഒറ്റ സീസണോടെ തുര്‍ക്കി ക്ലബ് താരവുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് താരം എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക