തിരുവനന്തപുരം: ആലപ്പി റിപ്പ്ള്‍സിനെ കശക്കിയെറിഞ്ഞ് തൃശൂര്‍ ടൈറ്റന്‍സിന്റെ സംഹാര താണ്ഡവം. കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ കൊടുങ്കാറ്റ് വേഗമുള്ള സെഞ്ച്വറി കരുത്തില്‍ ആലപ്പി ഉയര്‍ത്തിയ 182 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം വെറും 76 പന്തില്‍ അടിച്ചെടുത്ത് തൃശൂര്‍ ടൈറ്റന്‍സ്. 2 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് തൃശൂരിന്റെ അതിവേഗ വിജയം.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് അടിച്ചെടുത്തത്. 12.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് തൃശൂര്‍ അടിച്ചി കൂട്ടിയത്. തൃശൂരിന്റെ ജയം എട്ട് വിക്കറ്റിന്.
17 സിക്‌സുകളും 5 ഫോറും സഹിതം വിഷ്ണു അടിച്ചു കൂട്ടിയത് 45 പന്തില്‍ 139 റണ്‍സ്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറി. ടൂര്‍ണമെന്റിലെ അതിവേഗ സെഞ്ച്വറി തുടങ്ങിയ നേട്ടങ്ങളോടെയാണ് വിഷ്ണു കളം അടക്കി വാണത്. വെറും 33 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. ഒരു മലയാളി താരത്തിന്റെ ടി20യിലെ അതിവേഗ സെഞ്ച്വറിയാണിത്. ടി20യുടെ ചരിത്രത്തില്‍ ഏറ്റവും വേഗതയിലുള്ള സെഞ്ച്വറികളുടെ പട്ടികയിലും പ്രകടനം ഇടം പിടിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരത്തിന്റെ വെടിക്കെട്ടില്‍ തൃശൂരിന്റെ മറ്റ് ബാറ്റര്‍മാരെ കാഴ്ചക്കാരാക്കി. സഹ ഓപ്പണര്‍ അഹമദ് ഇമ്രാന്‍ 18 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 24 റണ്‍സെടുത്തു. 13 പന്തില്‍ 16 റണ്‍സുമായി അക്ഷയ് മനോഹറും 1 റണ്ണെടുത്ത് അഭിഷേക് പ്രതാപും പുറത്താകാതെ നിന്നു. ആലപ്പിക്കായി പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും തല്ലു കിട്ട് വലഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്കായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുന്നില്‍ നിന്നു നയിച്ചു. താരം 53 പന്തില്‍ 6 സിക്‌സും 7 ഫോറും സഹിതം 90 റണ്‍സ് വാരി. സഹ ഓപ്പണര്‍ കൃഷ്ണ പ്രസാദും തിളങ്ങി. താരം 38 പന്തില്‍ 43 റണ്‍സ് കണ്ടെത്തി.
12 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 20 റണ്‍സെടുത്ത് ടീം സ്‌കോര്‍ 180 കടത്തുന്നതില്‍ നിര്‍ണായകമായി. 10 പന്തില്‍ 16 റണ്‍സുമായി അല്‍ഫി ഫ്രാന്‍സിസും സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക