ബ്രസല്‍സ്: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് രണ്ട് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഇപ്പോള്‍ തന്റെ പ്രകടനം പിന്നോട്ടു പോകാന്‍ കാരണം കൈയ്‌ക്കേറ്റ പരിക്കാണെന്നു വ്യക്തമാക്കി താരം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു.
ഒടിഞ്ഞ കൈയുമായാണ് മത്സരിച്ചതെന്നു വ്യക്തമാക്കി താരം കൈയുടെ എക്‌സ് റേ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത സീസണില്‍ മികവോടെ തിരിച്ചു വരുമെന്നും കുറിപ്പിലുണ്ട്. ഈ സീസണിലെ അവസാന പോരാട്ടമായിരുന്നു ബ്രസല്‍സില്‍. പിന്നാലെയാണ് താരം ആരാധകര്‍ക്കായി സീസണിലെ മൊത്തം പ്രകടനം വ്യക്തമാക്കി പോസ്റ്റിട്ടത്.
'2024 ലെ സീസണ്‍ അവസാനിച്ചു. ഏതൊക്കെ നിലയില്‍ പ്രകടനം മെച്ചപ്പെടുത്തണം, തിരിച്ചടികള്‍ എവിടെയൊക്കെ സംഭവിച്ചു, മാനസികാവസ്ഥ തുടങ്ങിയവയിലേക്കും ഈ വര്‍ഷത്തിലുടനീളം ഞാന്‍ പഠിച്ച കാര്യങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നു.'
'തിങ്കളാഴ്ച പരിശീലനത്തിനിടെ എനിക്കു പരിക്കേറ്റു. ഉള്ളം കൈയുടെ നാലാമത്തെ എല്ലില്‍ പൊട്ടലുണ്ടെന്നു എക്‌സ് റേയില്‍ വ്യക്തമായി. അതൊരു വേദനിപ്പിക്കുന്ന വെല്ലുവിളി കൂടിയായി ഫൈനലില്‍ എനിക്ക്. എന്നാല്‍ എന്റെ ടീം അംഗങ്ങളുടെ സഹായത്തോടെ ഞാന്‍ ബ്രസല്‍സില്‍ പോരിനിറങ്ങി.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഈ വര്‍ഷത്തെ അവസാന മത്സരമായിരുന്നു ഇത്. സ്വന്തം പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കാതെ ഞാന്‍ സീസണ്‍ അവസാനിപ്പിച്ചു. എങ്കിലും ഒരുപാട് പാഠങ്ങള്‍ പഠിച്ച സീസണാണ് ഇത്. പൂര്‍ണ ആരോഗ്യവാനായി മടങ്ങി വരുമെന്നു ഞാന്‍ ദൃഢനിശ്ചയം ചെയ്യുന്നു.'
'പ്രോത്സാഹനത്തിന് എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2024, എന്നെ മികച്ച കായിക താരവും നല്ലൊരു വ്യക്തിയുമാക്കി മാറ്റി. 2025-ല്‍ കാണാം'- താരം കുറിച്ചു.
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫാനലില്‍ നീരജ് 87.86 മീറ്റര്‍ എറിഞ്ഞാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1 സെന്റി മീറ്റര്‍ വ്യത്യാസത്തിലാണ് താരത്തിനു ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനാഡയുടെ ആന്റേഴ്‌സന്‍ പീറ്റേഴ്‌സിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക