ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2004ല്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റ് വീരേന്ദര്‍ സെവാഗിന്റെ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ആദ്യമായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നതിനാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ത്യന്‍ ടീമിന് ഏറെ സന്തോഷം പകര്‍ന്ന നിമിഷങ്ങള്‍ക്കിടെ, വിവാദങ്ങള്‍ക്കും മത്സരം വേദിയായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 194 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനമാണ് വിവാദമായത്. ഇരട്ട സെഞ്ച്വറിക്ക് സച്ചിന് ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ടീം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 675 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ഡിക്ലയര്‍ ചെയ്തത്. സച്ചിന് ഇരട്ട സെഞ്ച്വറി നേടാന്‍ സമയം അനുവദിക്കാതിരുന്ന നേതൃത്വത്തിന്റെ തീരുമാനം സച്ചിന്റെ ആരാധകരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മത്സര സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്ന് തീരുമാനമെടുത്തത് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ തീരുമാനത്തില്‍ സച്ചിനും പ്രത്യക്ഷത്തില്‍ നിരാശനായിരുന്നു. അന്ന് ഇരട്ട സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ സച്ചിന്‍ അങ്ങേയറ്റം അസന്തുഷ്ടനായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ആകാശ് ചോപ്ര അടുത്തിടെ വെളിപ്പെടുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഞാന്‍ ഡ്രസ്സിംഗ് റൂമിലായിരുന്നു, പക്ഷേ ഞാന്‍ ആ സംഭാഷണത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ അന്ന് സച്ചിന്‍ സന്തോഷവാനായിരുന്നില്ല. ഞാന്‍ ആദ്യമായി സച്ചിനെ അസന്തുഷ്ടനായി കണ്ടു. അദ്ദേഹം നിയന്ത്രണം വിടുന്നത് ഇതിന് മുന്‍പ് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, എന്നാല്‍ അന്ന് അദ്ദേഹം ദേഷ്യപ്പെട്ടില്ല. പക്ഷേ പ്രത്യക്ഷത്തില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു.' -ആകാശ് ചോപ്ര യൂട്യൂബ് ചാനല്‍ 2 സ്ലോഗേഴ്‌സിനോട് പറഞ്ഞു.
'ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം ടീമിന്റെ മൊത്തം തീരുമാനമായിരുന്നു. ദ്രാവിഡിന്റേത് മാത്രമായിരുന്നില്ല. മത്സരത്തില്‍ കളിച്ചില്ലെങ്കിലും സൗരവ് ഗാംഗുലിയും ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നു. ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം എടുത്തവരുടെ കൂട്ടത്തില്‍ ഗാംഗുലിയും ഉണ്ടായിരുന്നു. നാലു ദിവസത്തിനുള്ളില്‍ മത്സരം അവസാനിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ സച്ചിന്‍ ഇരട്ട സെഞ്ച്വറി നേടുന്നതിന് മുന്‍പ് താന്‍ ഡിക്ലയര്‍ പ്രഖ്യാപിക്കില്ലായിരുന്നുവെന്ന് കളി കഴിഞ്ഞ് രാഹുല്‍ പറഞ്ഞു. നിങ്ങള്‍ ആ സ്ഥാനത്താണെങ്കില്‍ അതേ തീരുമാനം തന്നെയായിരിക്കും എടുക്കുക'- ആകാശ് ചോപ്ര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക