മ്യൂണിക്ക്: ആദ്യ പകുതിയില്‍ ബയേണ്‍ മ്യൂണിക്ക് 3-0ത്തിനു മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനിടെ രണ്ട് ഗോള്‍ മടക്കി ഡിനാമോ സാഗ്രെബിന്റെ ഗംഭീര തിരിച്ചു വരവെന്നു ആരാധകരുടെ വിധിയെഴുത്ത്. പക്ഷേ പിന്നീട് ഡിനാമോ നേരിട്ടത് സമാനതകളില്ലാത്ത കൂട്ട ആക്രമണം. 90 മിനിറ്റ് കഴിഞ്ഞ് സ്‌കോര്‍ ബോര്‍ഡ് നോക്കിയപ്പോള്‍ തെളിഞ്ഞത് 9-2 എന്ന വമ്പന്‍ സ്‌കോര്‍ നില!
യുവേഫ ചാംപ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഡിനാമോ സാഗ്രെബിനെ രണ്ടിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക്കിന്റെ ഗംഭീര തുടക്കം. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ ആറ് ഗോളുകളുമാണ് ബയേണ്‍ ഡിനാമോ വലയില്‍ നിക്ഷേപിച്ചത്.
സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ അക്ഷരാര്‍ഥത്തില്‍ ബയേണ്‍ എതിരാളികളെ കശക്കിയെറിയുകയായിരുന്നു. കടുത്ത ആക്രമണത്തിന്റെ പുത്തന്‍ തന്ത്രം ചമച്ച മുന്‍ ബെല്‍ജിയം നായകനും നിലവില്‍ ബയേണ്‍ കോച്ചുമായി വിന്‍സന്റ് കോംപനിക്ക് ചാംപ്യന്‍സ് ലീഗില്‍ പരിശീലകനെന്ന നിലയില്‍ സ്വപ്‌ന തുല്യമായ അരങ്ങേറ്റം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹാരി കെയ്ന്‍ നാല് ഗോളുകള്‍ നേടി. ബയേണിനായി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ അരങ്ങേറിയ ഫ്രഞ്ച് താരം മൈക്കല്‍ ഒലിസെ ഇരട്ട ഗോള്‍ നേടി ഗംഭീരമാക്കി. ശേഷിച്ച ഗോളുകള്‍ റാഫേല്‍ ഗുരേരോ, ലിറോയ് സനെ, ലിയോണ്‍ ഗൊരെറ്റ്‌സ്‌ക എന്നിവരും വലിട്ടതോടെ ഡിനാമോ തവിടു പൊടി. 19, 57, 73, 78 മിനിറ്റുകളിലാണ് കെയ്ന്‍ ഗോള്‍ നേടിയത്. ഒലിസെ 38, 61 മിനിറ്റുകളില്‍. ഗുരേരോ 33ാം മിനിറ്റിലും സനെ 85ാം മിനിറ്റിലും ഗൊരെറ്റ്‌സ്‌ക 90ാം മിനിറ്റിലും ഗോള്‍ നേടി.
ഡിനാമോ തിരിച്ചു വരുമെന്നു തോന്നിച്ചത് 2 മിനിറ്റ് സമയത്തിലാണ്. 48ാം മിനിറ്റില്‍ ബ്രുണോ പെറ്റ്‌കോവിച്, 50ല്‍ തകുയ ഒഗിവാര എന്നിവരാണ് വല ചലിപ്പിച്ചത്. ഡിനാമോ കളിയില്‍ ആഹ്ലാദിച്ച രണ്ടേ രണ്ട് മിനിറ്റുകളായിരുന്നു ഇത്.
കെയ്‌നിന്റെ നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നാണ് വന്നത്. ഇത് റെക്കോര്‍ഡാണ്. ചാംപ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ ഹാട്രിക്ക് പെനാല്‍റ്റികള്‍ നേടുന്ന ആദ്യ താരമായി കെയ്ന്‍ മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക