പതിനേഴ് വര്‍ഷം മുന്‍പ് ഇതേദിവസം (സെപ്റ്റംബര്‍ 19) മാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ യുവരാജ് സിങ് ഓരോവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തിയത്. 21ാം വയസ്സിലായിരുന്നു രാജ്യത്തിനായി വിസ്മയിപ്പിച്ച യുവരാജിന്റെ പ്രകടനം. പിന്നീട് ഇംഗ്ലണ്ട് ബൗളിങ്ങിലെ കുന്തമുനയായി മാറിയ സ്റ്റുവാര്‍ട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിങ് ചൂടറിഞ്ഞത്.
ദക്ഷിണാഫ്രിക്കന്‍ മണ്ണിലായിരുന്നു ഇംഗ്ലണ്ടിനെതിരെ യുവിയുടെ അവിശ്വസനീയ പ്രകടനം. ഹെര്‍ഷല്‍ ഗിബ്‌സിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ താരമായി യുവി. പത്തൊന്‍പതാം ഓവറിലായിരുന്നു യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് പൂരം. ഇംഗ്ലണ്ട് താരം ഫ്‌ളിന്റ് ഓഫുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ, യുവരാജ് കണക്ക് തീര്‍ത്ത് പ്രഹരിച്ചപ്പോള്‍ പന്തുകള്‍ ഒന്നിനുപുറകെ ഒന്നായി ഗ്യാലറികളില്‍ ചെന്നുവീണു.
ബ്രോഡിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ്ങോണിനു മുകളിലൂടെ ഗ്യാലറിയില്‍. രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ. മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ. നാലാം പന്ത് ബാക്ക്വേഡ് പോയിന്റ് കടന്നു. അഞ്ചാം പന്ത് മിഡ്വിക്കറ്റിനു മുകളിലൂടെ പറത്തി. അവസാന പന്ത് മിഡോണിനു മുകളിലൂടെ പറത്തിയ യുവരാജിനെ ക്യാപ്റ്റന്‍ ധോനി വാരിപ്പുണര്‍ന്നു. ആരാധകര്‍ ആര്‍ത്തുവിളിച്ചു.
അന്ന് ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് യുവരാജ് നേടിയത്. 12 പന്തില്‍ ഫിഫ്റ്റി അടിച്ചു. മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ എത്തിയ ഫ്‌ലിന്റോഫിനെയും യുവരാജ് സിക്‌സര്‍ പറത്തി. 16 പന്തില്‍ നിന്ന് 58 റണ്‍സാണ് അന്ന് യുവരാജ് നേടിയത്. അന്ന് ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.
19ാം ഓവറില്‍ യുവരാജ് നേടിയ പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആയില്ല. 20 ഓവര്‍ അവസാനിച്ചപ്പോള്‍ ആറു വിക്കറ്റിന് 200 റണ്‍സ് എടുക്കാനേ അവര്‍ക്കായുള്ളു. 18 റണ്‍സിന്റെ തോല്‍വി. യുവരാജ് സിങ് മാന്‍ ഓഫ് ദ് മാച്ചായി. സിക്സര്‍ പരമ്പരയിലൂടെ യുവരാജ് ക്രീസിലെ പ്രതികാരത്തിന്റെ കൊടുമുടിയാണു കീഴടക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക