
മുംബൈ: മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കൽ അഭ്യൂഹങ്ങൾ തുടർച്ചയായി പരക്കുന്നതിനിടെ ശ്രദ്ധേയ പ്രഖ്യാപനവുമായി വിരാട് കോഹ്‍ലി. 2027ലെ ഏകദിന ലോകകപ്പ് നേടിയിട്ടേ വിരമിക്കാൻ ഉദ്ദേശമുള്ളുവെന്നു സൂപ്പർ താരം വ്യക്തമാക്കി. 2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ലോകകപ്പ് കളിക്കാൻ താനുണ്ടാകുമെന്നാണ് പ്രഖ്യാപനം.
നിലവിൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി മികവോടെ താരം ബാറ്റിങ് തുടരുന്നുണ്ട്. അതിനിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് 2027ലെ ലോകകപ്പ് കളിക്കുമെന്ന പ്രഖ്യാപനം. കരിയറിലെ അടുത്ത പ്രധാന നീക്കമെന്താണെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
'എന്താണ് അടുത്ത പ്രധാനപ്പെട്ട ലക്ഷ്യം എന്നു ചോദിച്ചാൽ എനിക്കു തന്നെ വ്യക്തതയില്ല. പക്ഷേ അടുത്ത ലോകകപ്പ് ജയിക്കുക എന്നത് ലക്ഷ്യമാണെന്നു പറയാം'- കോഹ്‍ലി വ്യക്തമാക്കി.
2023ലെ ഏകദിന ലോകകപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം ഇന്ത്യക്കു നഷ്ടമായിരുന്നു. ഫൈനൽ വരെ അപരാജിത മുന്നേറ്റം നടത്തിയ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടു. ഈ എഡിഷനിൽ റൺ വേട്ടക്കാരിൽ മുൻപിലും കോഹ്‍ലിയായിരുന്നു. 11 ഇന്നിങ്സുകൾ കളിച്ച് 765 റൺസാണ് കോഹ്‍ലി അടിച്ചു കൂട്ടിയത്. 3 സെഞ്ച്വറികളും 6 അർധ സെഞ്ച്വറികളും താരം നേടി. 2011ൽ ധോനിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ടാം വിശ്വ കിരീടം നേടുമ്പോഴും കോഹ്‍ലി ടീമിലുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക