Digvesh Rathi fined: കോഹ് ലി എവിടെ കിടക്കുന്നു? വിവാദ നോട്ട് ബുക്ക് സെലിബ്രേഷനുമായി ദിഗ്‌വേഷ്, വലിച്ചുകീറി ഒട്ടിച്ച് ബിസിസിഐ; പിഴ- വിഡിയോ

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രതിക്ക് പിഴ ചുമത്തി ബിസിസിഐ
Lucknow’s Digvesh Rathi fined for his Virat Kohli-like celebration
ദിഗ്‌വേഷ് രതിയുടെ കോഹ് ലിയുടേതിന് സമാനമായ നോട്ട് ബുക്ക് സെലിബ്രേഷന്‍ image credit: punjab kings
Updated on

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രതിക്ക് പിഴ ചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനെതിരെ ബിസിസിഐ ചുമത്തിയത്. മത്സരത്തിനിടെ വിരാട് കോഹ് ലി പ്രശസ്തമാക്കിയ നോട്ട് ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിച്ചതിനാണ് ദിഗ്‌വേഷ് രതിക്ക് എതിരെ നടപടി.

പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ് രതിയുടെ നോട്ട്ബുക്ക് സെലിബ്രേഷന്‍. പുറത്തായി മടങ്ങുന്ന താരത്തിന്റെ സമീപത്തുചെന്ന് സാങ്കല്‍പിക നോട്ട്ബുക്കില്‍ കുറിക്കുന്നതുപോലെ അഭിനയിക്കുന്ന രീതിയാണിത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ദിഗ്‌വേഷിന്റെ പന്തില്‍ പ്രിയാന്‍ഷ് ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്തില്‍ പ്രിയാന്‍ഷിനെ ഷാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തിച്ച് ദിഗ്‌വേഷ് തിരിച്ചടിച്ചു. തുടര്‍ന്ന് താരം പവലിയനിലേക്ക് നടക്കുമ്പോഴാണ് ദിഗ്‌വേഷ് 'നോട്ട്ബുക്കു'മായി എത്തിയത്. എന്നാല്‍, ഉടന്‍തന്നെ ഇതില്‍ ഇടപെട്ട അംപയര്‍ അനാവശ്യ ആഘോഷത്തില്‍നിന്ന് ദിഗ്‌വേഷിനെ വിലക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ നടപടി. 172 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 16.2 ഓവറില്‍ പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സ് മത്സരം എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

ദിഗ്വേഷിന്റെ ആഘോഷരീതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പഞ്ചാബ് കിങ്‌സ് ബൗളിങ്ങിലും ബാറ്റിങ്ങിലും വ്യക്തമായ മേധാവിത്തം പുലര്‍ത്തി അനായാസ വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ദിഗ്‌വേഷിന്റെ അനാവശ്യ ആഘോഷമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും ദിഗ്വേഷിന് കാര്യമായ ചലനമൊന്നും സൃഷ്ടിക്കാനായില്ലെന്നും ആഘോഷത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മത്സരത്തിനു ശേഷം ദിഗ്‌വേഷിനെ പരിഹസിച്ച് പഞ്ചാബ് കിങ്‌സും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചു. ദിഗ്‌വേഷ് നോട്ട്ബുക്ക് സെലബ്രേഷന്‍ നടത്തുന്ന ചിത്രം പങ്കുവച്ച്, തൊട്ടുതാഴെ 'പഞ്ചാബ് കിങ്‌സ് എട്ടു വിക്കറ്റിന് ജയിച്ചു' എന്ന് നോട്ട്ബുക്കിലെഴുതിയ ചിത്രം സഹിതമാണ് പഞ്ചാബിന്റെ തിരിച്ചടി. മത്സരത്തില്‍ പഞ്ചാബിന് നഷ്ടമായ രണ്ടുവിക്കറ്റും വീഴ്ത്തിയത് ദിഗ്‌വേഷ് രതിയാണ്. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് താരം രണ്ടു വിക്കറ്റ് നേടിയത്.

വിരാട് കോഹ് ലിയും വെസ്റ്റിന്‍ഡീസ് താരം കെസ്രിക് വില്യംസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലൂടെയാണ് നോട്ട്ബുക് സെലബ്രേഷന്‍ രാജ്യാന്തര ക്രിക്കറ്റില്‍ പ്രശസ്തമായത്. 2017 ജൂലൈ 7നു ജമൈക്കയില്‍ നടന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ടി20 മത്സരത്തില്‍ വില്യംസിന്റെ പന്തിലായിരുന്നു കോഹ് ലി ഔട്ടായത്. വിക്കറ്റ് നേട്ടം വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ട്ബുക്ക് സ്‌റ്റൈലില്‍ ആഘോഷിച്ചു.

രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബറിലായിരുന്നു വില്യംസിന് വിരാട് കോഹ് ലിയുടെ തിരിച്ചടി. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ റെക്കോര്‍ഡ് റണ്‍ ചെയ്‌സിനു സാക്ഷ്യം വഹിച്ച ഹൈദരാബാദില്‍, വില്യംസ് എറിഞ്ഞ 16-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ കോഹ് ലി സ്വന്തം നോട്ട്ബുക്കില്‍ വില്യംസിന്റെ പേരും എഴുതിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com