
കൊല്‍ക്കത്ത: മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അംഗ്കൃഷ് രംഘുവംശിയും പിന്നാലെ വെങ്കടേഷ് അയ്യരും റിങ്കും സിങും ചേര്‍ന്നു 200ല്‍ എത്തിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ജയിക്കാന്‍ 201 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. വെങ്കടേഷ് അയ്യരും അംഗ്കൃഷ് രഘുവംശിയും അര്‍ധ സെഞ്ച്വറികള്‍ നേടി.
16 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. സുനില്‍ നരെയ്ന്‍ (7), ക്വിന്റന്‍ ഡി കോക്ക് (1) എന്നിവരാണ് മടങ്ങിയത്.
പിന്നീട് ക്രീസില്‍ ഒന്നിച്ച അജിന്‍ക്യ രഹാനെ- അംഗ്കൃഷ് സഖ്യം ടീമിനെ ട്രാക്കിലാക്കി. രഹാനെ 27 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 38 റണ്‍സെടുത്തു. അംഗ്കൃഷ് 5 ഫോറും 2 സിക്‌സും സഹിതം 32 പന്തില്‍ 50 റണ്‍സെടുത്തു.
വെങ്കടേഷ് കത്തിക്കയറും ബാറ്റിങുമായി കളം വാണു. താരം 29 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 60 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിങ്കു 17 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന പന്തില്‍ ആന്ദ്ര റസ്സല്‍ (1) റണ്ണൗട്ടായി.
എസ്ആര്‍എച്ചിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക