
ലഖ്‌നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റസ്. അവര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് തുടരെ നാലാം പോരാട്ടത്തിലും വമ്പന്‍ പരാജയമായി മാറി.
ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിനായി ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നല്‍കിയത്. അവരുടെ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ടീം സ്‌കോര്‍ 7 ഓവറില്‍ 75 റണ്‍സില്‍ എത്തിയിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ പിന്നീട് സ്‌കോറിങ് പിടിച്ചു നിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചു.
മാര്‍ഷാണ് ടോപ് സ്‌കോറര്‍. താരം 31 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സെടുത്തു. മാര്‍ക്രം 38 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. മാര്‍ഷിനെ മടക്കി മലയാളി ചൈനാമെന്‍ ബൗളര്‍ വിഘ്‌നേഷ് പുത്തൂരാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
27 കോടിയുടെ മൂല്യവുമായി ഐപിഎല്ലില്‍ സര്‍വകാല റെക്കോര്‍ഡിട്ട് വില പിടിച്ച താരമായി എത്തിയ ഋഷഭ് പന്ത് വീണ്ടും പരാജയമായി. ഇതുവരെ ഫോമിലെത്താത്ത താരം ഇത്തവണയും പരാജയപ്പെട്ടു. താരം 6 പന്തില്‍ 2 റണ്‍സുമായി മടങ്ങി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തിളങ്ങിയ നിക്കോളാസ് പൂരാനും ഇത്തവണ നിരാശയായിരുന്നു. താരം 6 പന്തില്‍ 12 റണ്‍സ് കണ്ടെത്തി.
പിന്നീട് ആയുഷ് ബദോനി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരുടെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.
മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 5 വിക്കറ്റുകള്‍ വീഴ്ത്തി. താരം 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് അഞ്ച് പേരെ മടക്കിയത്. ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക