
മൊഹാലി: ഓപ്പണര്‍ പ്രിയാംശ് ആര്യയുടേയും വാലറ്റത്ത് ശശാങ്ക് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ നടത്തിയ മികവും പഞ്ചാബ് കിങ്‌സിന് സമ്മാനിച്ചത് മികച്ച സ്‌കോര്‍. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ 220 റണ്‍സ് വിജയ ലക്ഷ്യം വച്ച് പഞ്ചാബ്. നിശ്ചിത ഓവറിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് കണ്ടെത്തി.
ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍ ഒരു ഘട്ടത്തില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു. ഒരറ്റത്ത് തകര്‍ത്തടിച്ച പ്രിയാംശ് ആര്യയുടെ കിടിലന്‍ സെഞ്ച്വറിയാണ് കളിയുടെ ഗതി തിരിച്ചത്.
ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയുമായി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാംശ് കളം വാണു. 39 പന്തില്‍ താരം ശതകം സ്വന്തമാക്കി. 9 സിക്‌സും 7 ഫോറും സഹിതം 39 പന്തില്‍ 102 റണ്‍സാണ് താരം അടിച്ചെടുത്തത്. മത്സരത്തില്‍ 42 പന്തില്‍ 103 റണ്‍സുമായി താരം പുറത്തായി.
ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം പരാജയമായി. പ്രിയാംശിനൊപ്പം ശശാങ്ക് സിങും പിന്നീട് ശശാങ്കിനൊപ്പം യാന്‍സനും ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്.
ശശാങ്ക് 36 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്നു. യാന്‍സന്‍ 19 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈക്കായി ആര്‍ അശ്വിന്‍, ഖലീല്‍ അഹമദ് എന്നിവര്‍ 2 വിക്കറ്റെടുത്തു. മുകേഷ് ചൗധരി, നൂര്‍ അഹമദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക