
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പ്രതിരോധത്തിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ്. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കിട്ടിയും പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്ക് കാര്യമായി റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. നിശ്ചിത ഓവറില്‍ ബംഗളൂരു 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് അടിച്ചെടുത്തത്.
ഡല്‍ഹിക്കായി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വിപ്രജ് നിഗം എന്നിവര്‍ മികവോടെ പന്തെറിഞ്ഞു. ഇരുവരും 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് 17 റണ്‍സും വിപ്രജ് 18 റണ്‍സും മാത്രമാണ് നാലോവറില്‍ വിട്ടു കൊടുത്തത്. ഇരുവരുടേയും എട്ടോവറില്‍ 35 റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് അടിക്കാന്‍ സാധിച്ചത്. മുകേഷ് കുമാര്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ബാറ്റിങിന് ഇറങ്ങിയ ആര്‍സിബിക്ക് ഫില്‍ സാള്‍ട്ട്- വിരാട് കോഹ്‌ലി സഖ്യം അതിവേഗ തുടക്കമാണ് നല്‍കിയത്. 3.5 ഓവറില്‍ സാള്‍ട്ട് മടങ്ങുമ്പോള്‍ ആര്‍സിബി സ്‌കോര്‍ 61ല്‍ എത്തിയിരുന്നു. 17 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം സാള്‍ട്ട് 37 റണ്‍സ് വാരി.
പിന്നാലെ വന്ന ദേവ്ദത്ത് പടിക്കല്‍ 1 റണ്ണുമായി കൂടാരം കയറി. പത്ത് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും കോഹ്‌ലിയും മടങ്ങി. 14 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം കോഹ്‌ലി 22 റണ്‍സ് കണ്ടെത്തി മികവോടെ നില്‍ക്കുമ്പോഴാണ് വീണത്.
ക്യാപ്റ്റന്‍ രജത് പടിദാര്‍ 25 റണ്‍സുമായി മികവിലേക്ക് ഉയരുമെന്നു തോന്നിച്ചെങ്കിലും പുറത്തായി. ലിയാം ലിവിങ്സ്റ്റന്‍ (4), ജിതേഷ് ശര്‍മ (3) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ക്രുണാല്‍ പാണ്ഡ്യ (18)യും അധികം ക്രീസില്‍ നിന്നില്ല.
പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് വാലറ്റത്ത് ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ്. താരം 20 പന്തില്‍ 4 സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സുമായി പുറത്താകാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക