
ചണ്ഡീഗഢ്: പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിനു ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ നാല് കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് മുൻ ഗുസ്തി താരവും കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ട്. സർക്കാർ ജോലി, വീടു വയ്ക്കാൻ നഗര മധ്യത്തിൽ സ്ഥലം എന്നിവയാണ് സർക്കാരിന്റെ മറ്റ് ഓഫറുകൾ.
പാരിസ് ഒളിംപിക്സിൽ നിന്നു വിനേഷിനെ അയോഗ്യയാക്കിയത് വലിയ വിവാദമായിരുന്നു. ഫൈനൽ കളിക്കാനിരിക്കെ 100 ഗ്രാം ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ അയോഗ്യയാക്കിയത്. 50 കിലോഗ്രാമിലായിരുന്നു താരം മത്സരിച്ചത്. വെള്ളി മെഡൽ ജേതാക്കൾക്കു തത്തുല്യമായ പരിഗണന നൽകിയാണ് ഹരിയാന സർക്കാർ വിനേഷിനേയും പാരിതോഷിക പട്ടികയിൽ ചേർത്തത്.
ഹരിയാന ഷെഹ്‍രി വികാസ് പ്രതികരൺ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഒളിംപ്യൻമാർ ഉൾപ്പെടെയുള്ള യോഗ്യരായ കായിക താരങ്ങൾക്കു കായിക വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള തസ്തികയിൽ ജോലി സ്വീകരിക്കാനും അവസരമുണ്ട്.
ഒളിംപിക്സിനു പിന്നാലെ വിനേഷ് ഗുസ്തിയിൽ നിന്നു വിരമിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ജുലാന മണ്ഡലത്തിൽ മത്സരിച്ചാണ് താരം എംഎൽഎ ആയി വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക