
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ഒളിംപ്യന്‍മാരെ വെല്ലുന്ന പ്രകടനത്തോടെ സ്വര്‍ണ നേട്ടത്തിലെത്തി പതിനഞ്ചുകാരന്‍. കര്‍ണാടകയെ പ്രതിനിധീകരിച്ച് മത്സരിച്ച ജോനാതന്‍ ആന്റണി 240.7 പോയിന്റ് നേട്ടത്തോടെയാണ് സീനിയര്‍ വിഭാഗത്തില്‍ തന്റെ ആദ്യത്തെ ദേശീയ സ്വര്‍ണം നേടിയത്. സര്‍വീസസിന്റെ രവീന്ദര്‍ സിങ് (240.3), ഗുര്‍പ്രീത് സിങ് (220.1) എന്നിവരെ മറികടന്നാണ് നേട്ടം.
2024 ലെ പാരീസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ സരബ്‌ജോത് സിങ്, 198.4 പോയിന്റോടെയാണ് നാലാം സ്ഥാനത്തെത്തിയത്. നേരത്തെ, യോഗ്യതാ റൗണ്ടില്‍ ആന്റണി ഒളിംപ്യന്‍ സൗരഭ് ചൗധരിയെ മറികടന്നിരുന്നു. സൗരഭ് ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാവാണ്. യൂത്ത് ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട്. ജൂനിയര്‍ ലോക ചാംപ്യനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് പരമ്പരയിലെ അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ISSF) മെഡലുകളും സൗരഭിന്റെ പേരിലാണ്.
ഗെയിംസില്‍ വനിതാ വിഭാഗം മത്സരത്തില്‍ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ്) പഞ്ചാബിനായി 461.2 പോയിന്റുമായി മറ്റൊരു ഒളിംപ്യന്‍ സിഫ്റ്റ് കൗര്‍ സമ്ര സ്വര്‍ണ മെഡല്‍ നേടി. പഞ്ചാബിലെ സഹതാരം അഞ്ജും മൗദ്ഗില്‍ 458.7 പോയിന്റുമായി വെള്ളി മെഡല്‍ നേടി, തെലങ്കാനയുടെ സുരഭി ഭരദ്വാജ് റാപോള്‍ 448.8 പോയിന്റുമായി വെങ്കല മെഡല്‍ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക