
നാഗ്പൂര്‍: രഞ്ജിട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് മിന്നുന്ന തുടക്കം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കേരളം ആദ്യ ഓവറില്‍ തന്നെ വിദര്‍ഭയെ ഞെട്ടിച്ചു. രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.
പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്‌കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്‍ശന്‍ നല്‍കണ്ഡെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്‍ശന്‍ പുറത്തായത്.
സെമിഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോമിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഫൈനല്‍ കളിക്കുന്നത്.
നാഗ്പൂരിലേത് ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈര്‍പ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക