സിഡ്നി: നാളെ ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടത്തിനുള്ള ടീമിൽ നിന്നു വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും പുറത്ത്? രോഹിത് ശർമ ടീമിൽ നിന്നു പിൻമാറിയതിനു പിന്നാലെയാണ് പന്തിന്റേയും സ്ഥാനം തുലാസിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. പന്തിനു പകരം ധ്രുവ് ജുറേലിനു അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധ്രുവ് ജുറേൽ പെർത്തിൽ കളിച്ചിരുന്നു. എന്നാൽ തിളങ്ങാനായില്ല.
പരമ്പരയിൽ ഇതുവരെ വ്യക്തമായ ഫോമിലേക്ക് ഉയരാൻ പന്തിനു സാധിച്ചിട്ടില്ല. 28, 30, 9, 21, 28, 37, 1 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ് ഇന്നിങ്സുകളിലെ താരത്തിന്റെ പ്രകടനം. മാത്രമല്ല അനാവശ്യ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ച് പുറത്താകുന്ന പന്തിന്റെ രീതിയോടു പരിശീലകൻ ഗൗതം ഗംഭീറിനു കടുത്ത അതൃപ്തിയുള്ളതായും റിപ്പോർട്ടുകളുണ്ട്. ആത്മവിശ്വാസത്തോടെ കളിച്ചു കയറുന്നതിനിടെയാണ് മിക്ക ഇന്നിങ്സിലും പന്ത് പുറത്തായിട്ടുള്ളത്.
സമ്മർദ്ദങ്ങളിൽ ഓസീസ് മണ്ണിലടക്കം വീരോചിത ഇന്നിങ്സുകൾ കളിച്ച താരമാണ് പന്ത്. എന്നാൽ ഇത്തവണ ആ പെരുമയ്ക്ക് ചേർന്ന ഒരു പ്രകടനം പോലുമില്ല. മെൽബണിൽ നാലാം ടെസ്റ്റിൽ സ്കൂപ്പ് ഷോട്ടിനു ശ്രമിച്ചു പുറത്തായ പന്തിന്റെ പ്രകടനത്തെ മൂന്ന് തവണ സ്റ്റുപിഡ് എന്ന വാക്കുപയോഗിച്ചാണ് വിഖ്യാത ഇന്ത്യൻ ബാറ്റർ സുനിൽ ഗാവസ്കർ പരിഹസിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക