Olympic swimmer Gary Hall Jr.
ഗാരി ഹാള്‍ ജൂനിയര്‍എക്സ്

5 സ്വര്‍ണം, 3 വെള്ളി 2 വെങ്കലം; കാട്ടു തീ വിഴുങ്ങിയത് അമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്‍റെ 10 ഒളിംപിക്‌സ് മെഡലുകളും വീടും

50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തുടരെ രണ്ട് വട്ടം ഒളിംപിക്‌സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍
Published on

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ വീടും മെഡലുകളും നഷ്ടമായി ഒളിംപിക്‌സ് നീന്തല്‍ താരം. മുന്‍ യുഎസ് ഒളിംപിക് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് ദുരവസ്ഥ.

പസിഫിക്ക് പാലിസാഡ്‌സിലുള്ള തന്റെ വസതിയും 10 ഒളിംപിക്‌സ് മെഡലുകളും നഷ്ടമായതായി 50കാരന്‍ പ്രതികരിച്ചു. വീട്ടിലെ കുറച്ചു സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് അദ്ദേഹത്തിനു രക്ഷപ്പെടുത്താന്‍ സാധിച്ചത്.

50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തുടരെ രണ്ട് വട്ടം ഒളിംപിക്‌സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000ത്തില്‍ സിഡ്‌നി, 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സുകളിലായിരുന്നു നേട്ടം. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വര്‍ണത്തിനൊപ്പം 3 വെള്ളി, 2 വെങ്കലം മെഡലുകളും താരത്തിനുണ്ട്. ഇവയെല്ലാം കാട്ടു തീയില്‍ നഷ്ടമായി.

കാട്ടുതീയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു.

ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നരലക്ഷം ആളുകളെ ഒഴിപ്പിച്ചു. ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com