സ്പാനിഷ് ലീഗ് കപ്പില്‍ കരുത്തരായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗെറ്റാഫെ, ലെഗാനസ്, വലന്‍സിയ ടീമുകളും ക്വാര്‍ട്ടറുറപ്പിച്ചു.
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ വീഴ്ത്തി ആഴ്‌സണല്‍ രണ്ടാം സ്ഥാനം തിരികെ പിടിച്ചു. നോർത്ത് ലണ്ടൻ ഡാർബിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. സന്‍ ഹ്യുങ് മിന്നിന്റെ ഗോളില്‍ ടോട്ടനം ആദ്യം മുന്നിലെത്തി. എന്നാല്‍ 40ാം മിനിറ്റില്‍ ഡൊമിനിക്ക് സോലങ്കയുടെ സെല്‍ഫ് ഗോള്‍ ആഴ്‌സണലിനു സമനില സമ്മാനിച്ചു. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ലിയാന്‍ഡ്രോ ട്രൊസാഡ് ആഴ്‌സണലിനു ജയവും ഒരുക്കി. രണ്ടാം പകുതിയില്‍ ഗോളൊന്നും വന്നില്ല.
എവര്‍ട്ടന്‍ പരിശീലകനായി തിരിച്ചെത്തിയ ഡേവിഡ് മോയസിനു പരാജയത്തോടെ രണ്ടാം വരവ് തുടങ്ങേണ്ടി വന്നു. മറുപടിയില്ലാത്ത ഒറ്റ ഗോളിനു ആസ്റ്റന്‍ വില്ലയാണ് അവരെ വീഴ്ത്തിയത്. 51ാം മിനിറ്റില്‍ ഒല്ലി വാറ്റ്കിന്‍സാണ് ജയ ഗോള്‍ നേടിയത്.
ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് കപ്പ് ക്വാര്‍ട്ടറില്‍. ഗാവി, ജുവല്‍ കുണ്ടെ, റഫീഞ്ഞ, ഫെറാന് ടോറസ്, ലമീന്‍ യമാല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് എല്‍ച്ചെയെ വീഴ്ത്തിയാണ് അത്‌ലറ്റിക്കോ ജയിച്ചു കയറിയത്. സൊര്‍ലോത് ഇരട്ട ഗോളുകള്‍ നേടിയത്. റോഡ്രിഗോ റിക്വല്‍മി, ജൂലിയന്‍ അല്‍വാരസ് എന്നിവരും വല കുലുക്കി.
പുതുവര്‍ഷത്തിലും ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനം വിട്ടു നല്‍കാതെ ബുണ്ടസ് ലീഗയില്‍ കുതിക്കുന്നു. സ്വന്തം തട്ടകത്തില്‍ അവര്‍ ഇത്തവണ ഹോഫെന്‍ഹെയിമിനെ വീഴ്ത്തി. മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് ബയേണിന്റെ തകര്‍പ്പന്‍ ജയം. ലിറോയ് സനെ ഇരട്ട ഗോളുകള്‍ നേടി. ഹാരി കെയ്ന്‍, റാഫേല്‍ ഗുരേര, സെര്‍ജ് ഗ്നാബ്രി എന്നിവരാണ് ഗോളുകള്‍ നേടിയത്. സീസണില്‍ ടീം നേടുന്ന ഗോളുകളുടെ എണ്ണം 53 ആയി. 13 ഗോളുകള്‍ മാത്രമാണ് ബയേണ്‍ സീസണില്‍ വഴങ്ങിയത്.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാനു സമനില. രണ്ടാമതുള്ള അവരെ ബോലോഞ്ഞ 2-2നു സമനിലയില്‍ കുരുക്കി. ഈ കളിയും അടുത്ത കളിയും ജയിച്ചാല്‍ ഇന്ററിനു ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ടായിരുന്നു. അടുത്ത കളി ജയിച്ചാല്‍ ഒന്നാമതുള്ള നാപ്പോളിക്കൊപ്പം ഇന്ററും എത്തും. അറ്റ്‌ലാന്‍ഡ 1-1നു യുവന്റസിനെ സമനിലയില്‍ പിടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക