
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓട്ടേറെ ഐതിഹാസിക വിജയങ്ങളും കിരീട നേട്ടങ്ങളും ആഘോഷിച്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം സുവര്‍ണ ജൂബിലിയുടെ നിറവില്‍. വ്യാഖ്യാത സ്‌റ്റേഡിയത്തിന്റെ 50 വര്‍ഷങ്ങളുടെ ആഘോഷ പരിപാടികള്‍ ഇന്നലെ സമാപിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. ഇതിഹാസ താരങ്ങളുടേയും വിശിഷ്ട വ്യക്തിത്വങ്ങളുടേയും സാന്നിധ്യത്തിലാണ് ആഘോഷങ്ങളുടെ സമാപനമുണ്ടായതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്കാണ് സമാപനമായത്.
1974ലാണ് സ്‌റ്റേഡിയം തുറന്നത്. ആധുനിക ക്രിക്കറ്റിലെ ഒട്ടനവധി പോരാട്ടങ്ങള്‍ കണ്ട മഹിത ചരിത്രത്തിന്റെ പേരാണ് വാംഖഡെ സ്റ്റേഡിയത്തിന്. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് കിരീട നേട്ടമടക്കമുള്ള ആരാധകരുടെ മനസില്‍ എക്കാലവും നില്‍ക്കുന്ന സുവര്‍ണ നിമിഷങ്ങള്‍ പിറന്നത് ഈ മൈതാനത്താണ്.
മുന്‍കാലത്തേയും ഇപ്പോഴത്തെയും ക്രിക്കറ്റ് ഇതിഹാസങ്ങളും ക്യാപ്റ്റന്‍മാരുമടക്കമുള്ളവര്‍ സ്റ്റേഡിയത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. ഗ്രൗണ്ട്‌സ്മാന്‍മാരെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു.
സമാപന സായാഹ്നത്തില്‍ ഇതിഹാസങ്ങളായ സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, അജിന്‍ക്യ രഹാനെ, ഡയാന എഡുല്‍ജി എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സ്റ്റേഡിയം തങ്ങളുടെ ക്രിക്കറ്റ് കരിയറില്‍ ഉണ്ടാക്കിയ സ്വാധീനവും മത്സരാനുഭവങ്ങളും താരങ്ങള്‍ പങ്കിട്ടു.
ആഘോഷത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തിന്റെ പൈതൃകം പറയുന്ന കോഫി ടേബിള്‍ ബുക്കും അനുസ്മരണ സ്റ്റാംപും പുറത്തിറക്കി. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തില്‍ മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാരെ ആദരിക്കല്‍, സ്റ്റേഡിയത്തില്‍ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരങ്ങളെ അനുമോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക