കരുത്തന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജര്‍മന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തി. അറ്റ്‌ലാന്റ, മൊണാക്കോ ടീമുകളും വിജയം സ്വന്തമാക്കി. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഇറ്റാലിയന്‍ ടീം ബൊലോഞ്ഞ അട്ടിമറിച്ചു.
ബെൻഫിക്കയെ 4-5നു വീഴ്ത്തിയാണ് ബാഴ്‌സലോണ അവസാന 16ല്‍ സ്ഥാനം ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ 3-1 എന്ന സ്‌കോറില്‍ ബാഴ്‌സ പിന്നിലായിരുന്നു. അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് ബാഴ്‌സ നാടകീയ വിജയം സ്വന്തമാക്കിയത്. ലെവന്‍ഡോസ്‌കി രണ്ട് പെനാല്‍റ്റികള്‍ വലയിലാക്കി. റഫീഞ്ഞയും ഇരട്ട ഗോളുകള്‍ നേടി. എറിക്ക് ഗാര്‍ഷ്യയാണ് മറ്റൊരു ഗോളിനു അവകാശിയായത്. ഇഞ്ച്വറി സമയത്ത് റഫീഞ്ഞ കൗണ്ടര്‍ അറ്റാക്കിലൂടെ നേടിയ ഗോളാണ് ജയമുറപ്പിച്ചത്.
തുടരെ ഏഴ് പോരാട്ടങ്ങളും വിജയിച്ചാണ് അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഫ്രഞ്ച് ടീം ലില്ലിനെ 2-1നു വീഴ്ത്തിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. മുഹമ്മദ് സല 34ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 62ാം മിനിറ്റില്‍ ജൊനാതന്‍ ഡേവിഡിലൂടെ ലില്‍ സമനില പിടിച്ചു. എന്നാല്‍ 5 മിനിറ്റിനുള്ളില്‍ ലിവര്‍പൂള്‍ ലീഡ് തിരിച്ചു പിടിച്ചു. ഹാര്‍വി എലിയറ്റിന്റെ ഗോള്‍ അവരുടെ ജയം ഉറപ്പിച്ചു.
ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡിനു ബയര്‍ ലെവര്‍കൂസനെതിരെ ജയമൊരുക്കിയത്. ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോ ഒരു ഗോള്‍ വഴങ്ങിയിരുന്നു. രണ്ടാം പകുതിയിലാണ് അല്‍വാരസിന്റെ ഇരട്ട ഗോളുകള്‍ വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് പിയറോ ഹിന്‍കാപി ലെവര്‍കൂസനെ മുന്നിലെത്തിച്ചു. 52, 90 മിനിറ്റുകളിലാണ് അല്‍വാരസ് വല ചലിപ്പിച്ചത്.
ഇറ്റാലിയന്‍ കരുത്തരായ അറ്റ്‌ലാന്റ മറുപടിയിലാത്ത അഞ്ച് ഗോളുകള്‍ക്ക് ഓസ്ട്രിയന്‍ ടീം എസ്‌കെ സ്റ്റം ഗ്രാസിനെ വീഴ്ത്തി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് അറ്റ്‌ലാന്റ നേടിയത്. നാല് ഗോളുകളും നേടിയത് രണ്ടാം പകുതിയില്‍.
ഇറ്റാലിയന്‍ ടീം ബൊലോഞ്ഞ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ ടീമിന്റെ ജയം. മൊണാക്കോ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ആസ്റ്റന്‍ വില്ലയെ വീഴ്ത്തി. ക്ലബ് ബ്രുഗ്ഗെ- യുവന്റസ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക