
ചെന്നൈ: തുടരെ രണ്ടാം ടി20യിലും ഇന്ത്യ വിജയം പിടിച്ചപ്പോൾ ഇത്തവണ താരമായത് തിലക് വർമ. താരം പുറത്താകാതെ 55 പന്തിൽ 72 റൺസെടുത്താണ് ടീമിനെ ജയത്തിലെത്തിച്ചത്. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽക്കുമെന്ന പ്രതീതി ഉണർത്തിയിരുന്നു. തിലകിന്റെ അപരാജിത പോരാട്ടം ഇംഗ്ലീഷ് പ്രതീക്ഷകളെ തകർക്കുന്നതായി. മറ്റൊരു ചരിത്ര നേട്ടവും തിലക് പുറത്താകാതെ നിന്നു സ്വന്തമാക്കി.
രാജ്യാന്തര ടി20 ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോർഡ് തിലകിന് സ്വന്തം. നാല് മത്സരങ്ങളായി താരം തുടരെ പുറത്താകാതെ രാജ്യാന്തര ടി20യിൽ ബാറ്റ് വീശുന്നു. നാല് ഇന്നിങ്സുകളിൽ നിന്നു താരം ഇതുവരെ അടിച്ചെടുത്തത് 318 റൺസ്! അടുത്ത മത്സരത്തിലും പുറത്താകാതെ നിന്നു റൺസ് നേടിയാൽ അതും റെക്കോർഡ് ബുക്കിലാകും. ടി20 ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം പുറത്താകാതെ 4 ഇന്നിങ്സ് കളിച്ച് 300നു മുകളിൽ റൺസ് നേടുന്നത്. ഐസിസിയുടെ ഫുൾ മെമ്പേഴ്സ് രാജ്യങ്ങളെ പരിഗണിക്കുമ്പോഴാണ് തിലകിന്റെ നേട്ടം.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും തിലക് പുറത്താകാതെ സെഞ്ച്വറി നേടിയിരുന്നു. നാലാം ടി20യിൽ 107 റൺസും അഞ്ചാം ടി20യിൽ 120 റൺസും താരം അടിച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലാണ് താരം കളിക്കാനിറങ്ങിയത്. ഈ പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ തിലക് പുറത്താകാതെ 19 റൺസെടുത്തിരുന്നു. രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ 4 ഫോറും 5 സിക്സും സഹിതമാണ് താരം 72ൽ എത്തിയത്.
ന്യൂസിലൻഡ് താരം മാർക്ക് ചാപ്മാന്റെ പേരിലുള്ള റെക്കോർഡാണ് തിലക് തിരുത്തിയത്. താരം 5 ഇന്നിങ്സുകളിൽ നിന്നു പുറത്താകാതെ 271 റൺസെടുത്തതായിരുന്നു റെക്കോർഡ്. 65*, 16*, 71*, 104*, 15 (പുറത്താകും മുൻപ് നേടിയത്) എന്നിങ്ങനെയായിരുന്നു താരത്തിന്റെ നോട്ടൗട്ട് ഇന്നിങ്സുകൾ.
ആരോൺ ഫിഞ്ചാണ് പട്ടികയിലെ പിന്നാലെയുള്ള മറ്റൊരാൾ. താരം രണ്ടിന്നിങ്സിൽ നിന്നു 240 റൺസടിച്ചിട്ടുണ്ട്. 68*, 172* എന്നിങ്ങനെയായിരുന്നു തുടരെ പുറത്താകാതെ നേടിയത്.
ഇന്ത്യൻ താരം ശ്രേയസ് അയ്യരും ഫിഞ്ചിനൊപ്പമുണ്ട്. ശ്രേയസ് 4 ഇന്നിങ്സിൽ നിന്നു 240 അടിച്ചു. 57*, 74*, 73*, 36 (പുറത്താകും മുൻപ് നേടിയത്).
5 ഇന്നിങ്സിൽ നിന്നു 239 റൺസടിച്ച് പട്ടികയിൽ ഡേവിഡ് വാർണറുമുണ്ട്. 100*, 60*, 57*, 2*, 20 (പുറത്താകും മുൻപ് നേടിയത്).
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക