
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചരിത്രവിജയം നേടി വെസ്റ്റ് ഇന്‍ഡീസ്. പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 120 റണ്‍സിന്റെ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് വിജയം നേടുന്നത്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്.
മുള്‍ട്ടാനില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിനം 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് പുനരാരംഭിച്ച പാകിസ്ഥാന്‍ 133 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നാലുവിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ ജോമല്‍ വാറിക്കന്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും പാകിസ്ഥാന്റെ പതനത്തിന് കാരണമായത്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സ്വന്തമാക്കിയത്. രണ്ടു ടെസ്റ്റുകളില്‍ നിന്നായി 19 വിക്കറ്റുകളാണ് വാറിക്കന്‍ വാരിക്കൂട്ടിയത്.
1990 നവംബറില്‍ ഫൈസലാബാദില്‍ നേടിയ വിജയത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ പാകിസ്ഥാനിലെ ആദ്യ ടെസ്റ്റ് വിജയമാണിത്. 1997 ലും 2006 ലും നടന്ന പാകിസ്ഥാന്‍ പര്യടനങ്ങളില്‍ തോല്‍വിയായിരുന്നു ഫലം. 254 റണ്‍സ് പിന്തുടര്‍ന്ന് 76-4 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാന്റെ പ്രതീക്ഷകള്‍ സൗദ് ഷക്കീലിലായിരുന്നു. എന്നാല്‍ കെവിന്‍ സിന്‍ക്ലെയര്‍ ഇടംകൈയന്‍ ഷക്കീലിനെ 13 റണ്‍സിന് പുറത്താക്കി. ഇതോടെ ആതിഥേയരുടെ സാധ്യതകള്‍ കൂടുതല്‍ മങ്ങുകയായിരുന്നു.
ബാബര്‍ അസം 31 റണ്‍സ് നേടി ടോപ് സ്‌കോററായി. മുഹമ്മദ് റിസ്വാന്‍ ആണ് 20 കടന്ന മറ്റൊരു താരം. 25 റണ്‍സാണ് മുഹമ്മദ് റിസ്വാന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഒന്‍പതാമത്തെ വിക്കറ്റായി റിസ്വാന്‍ ഔട്ടായതോടെ പാകിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. സിന്‍ക്ലെയറും വാറിക്കനും ചേര്‍ന്നാണ് പാകിസ്ഥാനെ ചുരുട്ടിക്കെട്ടിയത്.
ഒന്നാം ഇന്നിംഗ്‌സില്‍ 163 റണ്‍സിന് പുറത്തായ വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാന് തക്കമറുപടി നല്‍കുന്നതാണ് ബൗളിങ്ങില്‍ കണ്ടത്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 154 റണ്‍സിന് അവസാനിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 9 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റിന്റെ അര്‍ധ ശതകത്തിന്റെ കരുത്തില്‍ 244 റണ്‍സ് നേടി. 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കുറഞ്ഞ സ്‌കോറില്‍ കൂടാരം കയറുന്നതാണ് പിന്നീട് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക