സഞ്ജു വീണ്ടും നിരാശപ്പെടുത്തി; തിലക് വര്‍മയും സൂര്യകുമാര്‍ യാദവും പൂജ്യത്തിന് പുറത്ത്
പുനെ: നാലാം ടി20 പോരാട്ടത്തില്‍ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തകര്‍ച്ച. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഒരു റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങില്‍ പരാജയപ്പെട്ടു. ഇരുവരും പൂജ്യത്തില്‍ മടങ്ങി.
12 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് ശര്‍മയും മടങ്ങി. താരം 19 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു.
രണ്ടാം ഓവറില്‍ പന്തെടുത്ത സാഖിബ് മഹ്മൂദാണ് ഒറ്റ ഓവറില്‍ മൂവരേയും മടക്കിയത്. മാര്‍ക് വുഡിനു പകരം താരത്തെ ഉള്‍പ്പെടുത്തിയ ഇംഗ്ലണ്ടിന്റെ നീക്കം ഫലം കണ്ടു. 9 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. റിങ്കു സിങും ശിവം ദുബെയും ചേര്‍ന്ന് പോരാട്ടം നയിക്കുകയാണ്.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളിക്കുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക