
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താര ലേലം ഈ മാസം അഞ്ചിന് നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയ്‍ലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൻഡ്രം റോയൽസ് മൂന്ന് താരങ്ങളെയാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല.
എ കാറ്റഗറിയിൽപ്പെട്ട സച്ചിൻ ബേബിയെയും എൻഎം ഷറഫുദ്ദീനെയും ബി വിഭാഗത്തിൽപ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തിൽപ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ് നിലനിർത്തിയത്. ആദ്യ സീസണിൽ, ടീമിൻ്റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം. രണ്ട് സെഞ്ച്വറിയടക്കം 528 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്കോറർ. സച്ചിനെ ഏഴര ലക്ഷം രൂപ നൽകിയാണ് ടീം നിലനിര്‍ത്തിയത്.
മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റൺസ് നേടിയ അഭിഷേക് ജെ നായർക്കും 17 വിക്കറ്റുകൾ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക.
എ കാറ്റഗറിയിൽപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ബി കാറ്റഗറിയിൽപ്പെട്ട അക്ഷയ് ടികെ എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നാല് അർധ സെഞ്ച്വറികളടക്കം 410 റൺസ് അടിച്ചു കൂട്ടിയ അസ്ഹറുദ്ദീനെ ഏഴര ലക്ഷം നൽകിയാണ് ടീം നിലനിർത്തിയത്.
മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ ശ്രദ്ധേയനായ വിഘ്നേഷ് പുത്തൂരിന് മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരവും, ഓൾ റൗണ്ടർമാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ് ടികെയ്ക്കു ഒന്നര ലക്ഷവും വീതവുമാണ് ലഭിക്കുക.
എ കാറ്റഗറിയിൽപ്പെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിലനിർത്തിയത്. കഴിഞ്ഞ തവണ ഫൈനൽ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്സ്റ്റാർസ്. കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷയം രൂപയുമാണ് ഗ്ലോബ്സ്റ്റാർസ് ചെലവഴിച്ചത്.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുകയും, ഓൾ റൗണ്ട് മികവുമായി കളം നിറയുകയും ചെയ്ത അഖിൽ സ്കറിയയ്ക്ക് 3,75,000 രൂപയാണ് ലഭിക്കുക. അൻഫലിനെ ഒന്നര ലക്ഷത്തിനും നിലനിർത്തി.
ബി കാറ്റഗറിയിൽപ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി ഗാറ്റഗറിയിൽപ്പെട്ട എസ് സുബിൻ, വിനിൽ ടി എസ് എന്നിവരെയാണ് ട്രിവാൻഡ്രം റോയൽസ് റീട്ടെയിൻ ചെയ്തത്. മൂവർക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോററായ ഗോവിന്ദ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാൾ കൂടിയാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടം പിടിച്ചിരുന്നു. 11 കളിയില്‍ താരം രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കി. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് സുബിന്‍. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ചവച്ചു. കൂറ്റൻ ഷോട്ടുകൾ പായിക്കാനുള്ള കഴിവാണ് സുബിൻ്റെ പ്രധാന മികവ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും അണ്ടര്‍ 19 സ്റ്റേറ്റ് പ്ലയറുമാണ് ടിഎസ് വിനില്‍.
ജൂലൈ 5 നാണ് താര ലേലം. ആകെ അൻപത് ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. ഐപിഎല്‍ താര ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറു വരെയാണ് രണ്ടാം സീസൺ. ഫാന്‍കോട്, സ്റ്റാര്‍ സ്പോര്‍ട്സ് 3 എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ തത്സമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്.
The player auction for the second edition of the Kerala Cricket League 2025 (KCL) is scheduled to take place on July 5.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates