
ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. 96 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.ട്രാവിസ് ഹെഡ് (33 പന്തുകളില്‍ 39), മാര്‍നസ് ലബുഷെയ്ന്‍ (36 പന്തില്‍ 29), ബെന്‍ ഡ്വാര്‍ഷ്യൂസ് (29 പന്തില്‍ 19) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്ന്‍ എല്‍ബിഡബ്ല്യു ആയി. 11 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിനെ ജഡേജ വിരാട് കോഹ് ലിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 198ല്‍ നില്‍ക്കെ അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മുഹമ്മദ് ഷമിയുടെ പന്തില്‍ ബോള്‍ഡായി. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സടിച്ച് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേല്‍ മാക്‌സ്‌വെല്ലിനെ ബോള്‍ഡാക്കി.
ബെന്‍ ഡ്വാര്‍ഷ്യൂസുമായി ചേര്‍ന്ന് അലക്‌സ് ക്യാരി മികച്ചൊരു കൂട്ടുകെട്ടിനു ശ്രമിച്ചെങ്കിലും 46ാം ഓവറില്‍ 19 റണ്‍സെടുത്ത ഡ്വാര്‍ഷ്യൂസിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി വിക്കറ്റു നേട്ടം രണ്ടാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച അലക്‌സ് ക്യാരിയെ ശ്രേയസ് അയ്യര്‍ റണ്‍ഔട്ടാക്കി. ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക