'രഞ്ജിയില്‍ കേരളത്തിന്റേത് കിരീട സമാന നേട്ടം'; നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ
ranji trophy runnerup kerala
കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറിയപ്പോൾ
Updated on

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റിനുമായി നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു.

കേരളത്തിന്റേത് കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുത്തരായ വിദര്‍ഭയെ ആദ്യ ഇന്നിങ്‌സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സക്‌സേനയെയും സര്‍വതെയെയും മറുനാടന്‍ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അത് ശരിയല്ലെന്നും അവര്‍ കേരള സമൂഹത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.

കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി രാജീവ്, എം ബി രാജേഷ്, എംഎല്‍എമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com